ജീത്തു ജോസഫും ബേസില്‍ ജോസഫും കൂട്ടുകെട്ട്, ‘നുണക്കുഴി’ യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു

കൊച്ചി: ജീത്തു ജോസഫും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘നുണക്കുഴി ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കുറച്ചു നാളുകള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന ‘ നുണക്കുഴിയുടെ ‘ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെണ്ണല ലിസ്സി ഫാര്‍മസി കോളേജില്‍ നടന്ന പൂജക്ക് ശേഷമാണു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ കൃഷ്ണകുമാറാണ്. സരീഗമയും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറിസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പെട്ട ചിത്രമാണ് ‘നുണക്കുഴി’. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫും യുവനായകന്മാരില്‍ ശ്രദ്ധേയനായ ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ്. സതീഷ് കുറുപ്പ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. സിദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മോഹന്‍ലാല്‍ നായകനാകുന്ന നേര് എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെതായി അടുത്തതായി പുറത്ത് വരാനുള്ളത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിയാണ് ‘നുണക്കുഴി’ യുടെ ഷൂട്ടിംഗ് നടക്കുക. സഹില്‍ ശര്‍മയാണ് സഹ നിര്‍മ്മാതാവ്. സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Top