ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ പരീക്ഷണയോട്ടത്തില്‍ ; ഉടന്‍ വിപണിയിലേക്ക്

പുതിയ ജീപ്പ് റാംഗ്ലറിന്റെ ഉയര്‍ന്ന വകഭേദമായ റൂബികോണ്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ്. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. എക്സ്ഷോറൂമില്‍ 58.74 ലക്ഷം രൂപ മുതല്‍ 67.60 ലക്ഷം രൂപ വരെ നാലാം തലമുറ റാംഗ്ലറിന് വില പ്രതീക്ഷിക്കാം.

ജീപ്പ് റാംഗ്ലര്‍ റൂബികോണിന് മൂന്ന് ഡോറുകളാണുള്ളത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പര്‍, പുത്തന്‍ അലോയ് വീലുകള്‍ എന്നിവയാണ് 2019 ജീപ്പ് റാംഗ്ലറിലെ പ്രധാന മാറ്റങ്ങള്‍. പുറക് വശത്തെ ബമ്പറിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എല്‍ഇഡി യൂണിറ്റാണ് ടെയില്‍ ലാമ്പുകള്‍.

എന്നാല്‍ പുതിയ റാംഗ്ലര്‍ റൂബികോണിന്റെ ഇന്റീരിയര്‍ വിശേഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യാന്തര വിപണിയില്‍ ലഭ്യമാവുന്ന മോഡലില്‍ എല്‍സിഡി ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നീ ഫീച്ചറുകളുണ്ട്.

പരുക്കനായ ബോഡിയാണ് റാംഗ്ലര്‍ റൂബികോണിനെ മറ്റ് എസ്യുവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 44 ഡിഗ്രി അപ്പോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും എസ്യുവിയ്ക്കുണ്ട്. 3.0 V6 ഡീസല്‍, 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനുകളാണ് റാംഗ്ലര്‍ റൂബികോണില്‍ ജീപ്പ് ഉള്‍പ്പെടുത്താന്‍ സാധ്യത. 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍ 259 bhp കരുത്തും 600 Nm torque ഉം പരമാവധി കുറിക്കും. മറുഭാഗത്ത് 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനാവട്ടെ 285 bhp കരുത്തും 325 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലും ഉണ്ടാവുക.

Top