സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തി ജീപ്പ്

കൊച്ചി: ജീപ്പിന്റെ സെവന്‍ സീറ്റര്‍ എസ്യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്തി. ഒട്ടേറെ സവിശേഷതകളുമായി ജീപ്പ് മെറിഡിയന്‍ എന്ന പേരിലാണ് ഈ വാഹനം നിരത്തിലിറങ്ങുക. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനം ഈ വര്‍ഷം മധ്യത്തോടെ വില്‍പ്പന ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളേയും സംസ്‌കാരങ്ങളേയും തൊട്ട് കടന്നു പോകുന്ന ധ്രുവരേഖയില്‍ നിന്ന് പ്രചോദന ഉള്‍ക്കൊണ്ടാണ് പുതിയ എസ് യുവിക്ക് ജീപ്പ് മെറിഡിയന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.

ജീപ്പിന്റെ തന്നെ ഏതാനും വിദേശ പേരുകള്‍ ഉള്‍പ്പെടെ കമ്ബനി പരിഗണിച്ച 70 പേരുകളില്‍ നിന്നാണ് ഈ പേരിലെത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മെറിഡിയന്‍ എത്തുകയെന്ന് ജീപ്പ് അറിയിച്ചു. കന്യാകുമാരി തൊട്ട് കശ്മീര്‍ വരെ കുന്നും മലയും കാടും നാടും താണ്ടി ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ് 5000 കിലോമീറ്റര്‍ യാത്ര നടത്തി മികവ് തെളിയിച്ചാണ് മെറിഡിയന്‍ വരുന്നത്. ധ്രുവരേഖ-77 കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത പ്രത്യേക കോമോഫ്ളാഷ് വേഷത്തിലാണ് മെറിഡിയന്‍ ഇന്ത്യയൊട്ടാകെ പരീക്ഷണ ഓട്ടം നടത്തിയത്. ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റ് മുതല്‍ കേരളത്തിലെ തെങ്ങ് വരെ ഈ ഡിസൈനില്‍ ഇടംനേടി.

ഈ പരീക്ഷ ഓട്ടത്തില്‍ മെറിഡിയന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രൂപവും ഭാവവും തൊട്ട് ഓഫ് റോഡിങ് സുഖത്തിന്റെ കാര്യത്തില്‍ വരെ ഈ വിഭാഗത്തില്‍ പകരക്കാരില്ലാത്ത എസ് യുവിയാണ് മെറിഡിയന്‍ എന്ന് ജീപ്പ് ഇന്ത്യാ മേധാവി നിപുണ്‍ ജെ മഹാജന്‍ പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മെറിഡിയന്‍ ഇന്ത്യയിലെ ജീപിന്റെ ഐതിഹാസിക യാത്രയെ മുന്നോട്ടു നയിക്കും. അത്യാധുനികമായ മികച്ച നില്‍ക്കുന്ന ഒരു എസ് യുവി ഇന്ത്യയ്ക്കായി ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു- സ്റ്റെലാന്റിസ് ഇന്ത്യ സിഇഒയും എംഡിയുമായ റോളണ്ട് ബോഷര പറഞ്ഞു. വിപണിയിലിറക്കുന്നതിനു മുന്നോടിയായി വിലയും പ്രഖ്യാപിക്കും.

 

Top