പുതിയ റാംഗ്ലര്‍ വിപണിയിലെത്തി; വില 63.94 ലക്ഷം

കൊച്ചി: ഓഫ് റോഡ് വാഹനപ്രേമികളുടെ മനം കവര്‍ന്ന ജീപിന്റെ പുതിയ റാംഗ്ലര്‍ വിപണിയിലെത്തി. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവാണ് ജീപ്പിന്റെ ഐക്കണിക് 5 ഡോര്‍ 4×4 മോഡല്‍ അവതരിപ്പിച്ചത്. 63.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില.

പുതിയ റാംഗ്ലറില്‍ മടക്കാവുന്ന വിന്‍ഡ് ഷീല്‍ഡും വേര്‍പെടുത്താവുന്ന ഹാര്‍ഡ് റൂഫും ഡോറുകളും സജ്ജീകരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് ഇന്റീരിയറില്‍ അവതരിപ്പിച്ചിരിക്കുന്നത്. 8.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ അവതരിപ്പിച്ചിരിക്കുന്ന യു കണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ് മെനു, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബില്‍റ്റ്- ഇന്‍ പിഞ്ച് ടു സൂം നാവിഗേഷന്‍ ഫീച്ചര്‍ എന്നിവയടക്കമുള്ള ഫീച്ചറുകളുണ്ട്.

മുന്‍ഗാമിയേക്കാള്‍ നീളം (130 എംഎം), വീതി (17 എംഎം), ഉയരം (9 എംഎം), വീല്‍ ബേസ് (61 എംഎം) എന്നിവ കൂടുതലുണ്ട്. എക്സ്റ്റീരിയര്‍ കൂടുതല്‍ പരിഷ്‌കൃതമാണെങ്കിലും റെട്രോ ജീപ് സ്‌റ്റൈലിംഗ് ഘടകങ്ങളായ എക്‌സ്റ്റേണല്‍ ഡോര്‍ ഹിംജസ്, ബോഡിയുടെ നിറത്തിലുള്ള ട്രേപ്‌സോയ്ഡല്‍ വീല്‍ ആര്‍ച്ചുകള്‍, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, സമചതുരാകൃതിയിലുള്ള ടെയ്ല്‍ ലാമ്പുകള്‍, ആംഗുലാര്‍ ബോഡി, ഫോഗ് ലാമ്പുകള്‍ സംയോജിപ്പിച്ചിട്ടുള്ള പുതിയ ബംപറുകള്‍ എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.

Top