Jeep Compass

ജീപ്പിന്റെ ഏറ്റവും വില കുറഞ്ഞതും വലുപ്പം കുറഞ്ഞതുമായ മോഡലായ കോംപസിന്റെ ഏതാനും ചിത്രങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു.

അടുത്തവര്‍ഷം ഈ എസ്‌യുവിയെ ഇന്ത്യയിലും പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണര്‍ , ഫോഡ് എന്‍ഡേവര്‍ , സങ്യോങ് റെക്സ്റ്റണ്‍ മോഡലുകള്‍ക്ക് പ്രതിയോഗിയാകുന്ന ജീപ്പ് കോംപസിന് 17 ലക്ഷം രൂപ മുതലായിരിക്കും ഇന്ത്യയില്‍ വില.

നവംബറില്‍ നടക്കുന്ന ലോസ് ആഞ്ചലസ് ഓട്ടോഷോയിലാണ് ജീപ്പ് കോംപസിന്റെ അരങ്ങേറ്റം. കൂടുതല്‍ ചിത്രങ്ങളും സാങ്കേതിക വിവരങ്ങളും അതോടൊപ്പം പുറത്തുവരും.

അടുത്തിടെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ജീപ്പ് ഗ്രാന്‍ഡ് ചെരോക്കിയുടെ ചെറു പതിപ്പ് പോലെയാണ് കോംപസിന്റെ രൂപം. ഫോര്‍ വീല്‍ഡ്രൈവുള്ള ഗ്ലോബല്‍ കോംപാക്ട് എസ്‌യുവിയ്ക്ക് ഏഴ് സീറ്റര്‍ പതിപ്പും പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ 172.3 ബിഎച്ച്പി കരുത്തുള്ള രണ്ട് ലീറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് 2 ഡീസല്‍ എന്‍ജിനായിരിക്കും ജീപ്പ് കോംപസിന് ഉപയോഗിക്കുക.

പുതിയ ജീപ്പിന്റെ ഉത്പാദനത്തിനായി പുന്നെയ്ക്ക് സമീപമുള്ള രഞ്ജന്‍ഗാവ് പ്ലാന്റില്‍ 28 കോടി ഡോളര്‍ ( 1,878 കോടി രൂപ ) ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് നിക്ഷേപം നടത്തിയിട്ടുണ്ട്.

Top