ധൈര്യമുണ്ടെങ്കില്‍ അഹങ്കാരത്തില്‍ പ്രഖ്യാപിച്ചത് നടപ്പാക്കൂ; ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

ധിക്കാരപൂര്‍വ്വം പ്രഖ്യാപിച്ച അതേ തരത്തില്‍ പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു നേതാവും, രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോര്‍ പങ്കുവെച്ച ട്വീറ്റിലാണ് പുതിയ വെല്ലുവിളി.

‘പൗരന്‍മാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാത്തത് ഒരു സര്‍ക്കാരിന്റെ ശക്തിയെ കാണിക്കുന്നില്ല. അമിത് ഷാ ജി, സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ പരിഗണിക്കുന്നില്ലെങ്കില്‍ മുന്നോട്ട് പോകൂ, സിഎഎയും, എന്‍ആര്‍സിയും താങ്കള്‍ രാജ്യത്തോട് ധിക്കാരപൂര്‍വ്വം പ്രഖ്യാപിച്ച രീതിയില്‍ നടപ്പാക്കൂ’, പ്രശാന്ത് കിഷോര്‍ വെല്ലുവിളിച്ചു.

എന്‍ആര്‍സി തള്ളിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധി വദ്രക്കും പ്രശാന്ത് കിഷോര്‍ നന്ദിയും അറിയിച്ചു. തന്റെ പാര്‍ട്ടി ഭരിക്കുന്ന ബിഹാറില്‍ സിഎഎയും, എന്‍ആര്‍സിയും നടപ്പാക്കില്ലെന്നും കിഷോര്‍ ആവര്‍ത്തിച്ചു. ബിഹാറില്‍ ഭരണപക്ഷത്തുള്ള ജെഡിയു, ബിജെപിയുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസിനെ പുകഴ്ത്തുകയും, അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രശാന്ത് കിഷോറിന്റെ നിലപാടുകള്‍ ബിജെപിയെ രോഷത്തിലാക്കുന്നുണ്ട്.

എന്നാല്‍ പ്രശാന്ത് കിഷോറിന്റെ ജെഡിയു കൂടി പിന്തുണച്ചാണ് പാര്‍ലമെന്റില്‍ സിഎഎ പാസാക്കിയതെന്ന് ബിജെപി തിരിച്ചടിച്ചു. അധിക ബുദ്ധിയും, സൂപ്പര്‍ അറിവുമുള്ളവര്‍ക്ക് എന്‍ആര്‍സി സംബന്ധിച്ച് അവരുടെ നിലപാടുകള്‍ പ്രചരിപ്പിക്കുകയാണ്. ബിഹാര്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും സിഎഎ നടപ്പാക്കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.

Top