ജെഡിയു പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ല, വിജയ് വര്‍മയെ തള്ളി ശരത് യാദവ്

ന്യൂഡല്‍ഹി: ജെഡിയുമായി വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് മുതിര്‍ന്ന ജനതാദള്‍-യു നേതാവ് ശരത് യാദവ്.

അടുത്ത അനുയായിയായ വിജയ് വര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിയ ശരത് യാദവ്, പുതിയ പാര്‍ട്ടിയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കി. വികാരങ്ങള്‍ക്ക് അടിമപ്പെട്ടാണ് വിജയ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ശരത് കുറ്റപ്പെടുത്തി. മഹാസഖ്യം തകര്‍ത്ത നിതീഷിന്റെ പാര്‍ട്ടി പിളര്‍ത്തുമെന്ന് വിജയ് വര്‍മ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

നേരത്തെ, ബിഹാറിലെ മഹാസഖ്യം പിളര്‍ത്തി, മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്നതു ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നു ശരദ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. തീരുമാനം താന്‍ അംഗീകരിക്കില്ലെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങളുമായുള്ള ധാരണ ലംഘിക്കുകയെന്നതു ഗുരുതരമാണെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞയാഴ്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് ബിജെപിയുമായി കൂട്ടുകൂടിയത്.

Top