ഒരു കേന്ദ്രമന്ത്രിസ്ഥാനം പോര, മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി ജെഡിയു

ന്യൂഡല്‍ഹി: ജെഡിയു മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി. ഒന്നില്‍ക്കൂടുതല്‍ കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. മൂന്ന് കേന്ദ്രമന്ത്രിപദങ്ങള്‍ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതില്‍ എതിര്‍പ്പറിയിച്ചാണ് കേന്ദ്രമന്തിസഭയില്‍ നിന്ന് പിന്‍മാറാന്‍ ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തീരുമാനിച്ചത്.

”ജെഡിയുവില്‍ നിന്ന് അവര്‍ക്ക് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് മന്ത്രിപദം വേണ്ടെന്ന് തിരിച്ച് അവരെ അറിയിച്ചു. അത് വലിയ പ്രശ്‌നമല്ല, ഞങ്ങള്‍ എന്‍ഡിഎക്കൊപ്പം തന്നെയാണ്. ഞങ്ങള്‍ക്ക് അതില്‍ അതൃപ്തിയുമില്ല. ഞങ്ങള്‍ ഒന്നിച്ചാണ് നില്‍ക്കുന്നത്, ഇതില്‍ ആശയക്കുഴപ്പമില്ല”, നിതീഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെ മുതല്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി നിതീഷ് കുമാര്‍ മൂന്ന് കേന്ദ്രമന്ത്രിപദം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് മാറ്റിയില്ല. എല്ലാ സഖ്യകക്ഷികള്‍ക്കും ഒറ്റ സീറ്റ് – അതില്‍ വിട്ടു വീഴ്ചയില്ലെന്ന് മോദിയും അമിത് ഷായും വ്യക്തമാക്കിയതോടെയാണ് പിന്മാറ്റം.

ബിഹാറില്‍ ജെഡിയുവിന് 16 സീറ്റാണ് നേടാനായത്. അതേസമയം ബിജെപി മത്സരിച്ച 17 സീറ്റുകളുംനേടി. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാന്‍ ക്ഷണം സ്വീകരിച്ച് നിതീഷ്‌കുമാര്‍ രാഷ്ട്ര ഭവനിലെത്തിയിരുന്നു.

Top