ആര്‍.എസ്.എസിന്റെ വിവരങ്ങള്‍ ശേഖരിക്കണം; നിര്‍ദേശം നല്‍കി ബീഹാറിലെ ജെ.ഡി.യു സര്‍ക്കാര്‍

പാട്ന: ബീഹാറില്‍ ജെ.ഡി.യു സര്‍ക്കാര്‍ ആര്‍.എസ്.എസിനെക്കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാന്‍ നീക്കം തുടങ്ങി. ആര്‍.എസ്.എസിന്റെ അനുകൂല സംഘടനകളുടെയും, നേതാക്കളുടെയും വിവരങ്ങളും ശേഖരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്നാണ് വിവരം.

ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം മെയ് മാസത്തിലാണ് ജെ.ഡി.യു സര്‍ക്കാര്‍ നല്‍കിയത്. ബീഹാറിലെ ജെ.ഡി.യു സര്‍ക്കാറിന്റെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ മാതൃസംഘടനയാണ് ആര്‍.എസ്.എസ്.രണ്ടാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു രണ്ടുദിവസം മുമ്പാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ആര്‍.എസ്.എസിന്റേയും അതിനു കീഴിലുള്ള 18 സംഘടനകളുടെയും വിശദാംശങ്ങള്‍ സ്വീകരിക്കാനാണ് മെയ് 28ന് എല്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍ക്കും നല്‍കിയ ഉത്തരവില്‍ പറയുന്നത്. ഇത് വളരെ ഗൗരവത്തോടെ കാണണം എന്നും ഉത്തരവില്‍ പറയുന്നു.

Top