ബീഹാറില്‍ ബി.ജെ.പിയെ തുരത്തുവാന്‍ നിതീഷിനെ ഒപ്പം കൂട്ടുവാന്‍ രാഹുല്‍ !

ലോക്സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞെങ്കിലും ബീഹാറില്‍ പുതിയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന ജെ.ഡി.യു പ്രഖ്യാപനം ബീഹാറില്‍ വീണ്ടും മഹാസഖ്യത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.

ബീഹാറില്‍ 16 ലോക്‌സഭാംഗങ്ങളുണ്ടായിട്ടും ഒറ്റ കേന്ദ്രമന്ത്രിയെ മാത്രം അനുവദിച്ച് അപമാനിച്ചതിന് പ്രതികാരമായാണ് നിയമസഭയില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു ഉന്നതാധികാര സമിതി യോഗം പ്രഖ്യാപിച്ചത്. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ നാല് സംസ്ഥാനങ്ങളില്‍ തനിച്ചു മത്സരിക്കാനാണ് തീരുമാനമെങ്കിലും 2015 മോഡലിലുള്ള മഹാസഖ്യത്തിന്റെ സാധ്യതകളാണ് ഇവിടെ തുറക്കുന്നത്.

ആറ് എം.പിമാരുള്ള ലോക്ജനശക്തിക്ക് ഒരു കേന്ദ്രമന്ത്രിയെ അനുവദിച്ചപ്പോഴാണ് മൂന്നിരട്ടി അധികം എം.പിമാരുള്ള ജെ.ഡി.യുവിനോടും നരേന്ദ്രമോദി അതേ പരിഗണന കാട്ടിയത്. ഇത് അപമാനിക്കലാണെന്നു വിലയിരുത്തിയാണ് അനുവദിച്ച കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കാതെ ജെ.ഡി.യു പ്രതിഷേധം അറിയിച്ചത്. ബീഹാറില്‍ മന്ത്രിസഭ പുനസംഘടന നടത്തിയ മുഖ്യമന്ത്രി നിധീഷ്‌കുമാര്‍ ബി.ജെ.പിക്ക് മന്ത്രിയെ അനുവദിക്കാതെയാണ് പകരം വീട്ടിയത്.

ഗുജറാത്ത് കലാപത്തില്‍ പ്രതികൂട്ടിലായ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് മുന്‍പ് ജെ.ഡി.യു, എന്‍.ഡി.എ വിട്ടിരുന്നത്. 2015ല്‍ നടന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ബദ്ധ ശത്രുതയിലുള്ള ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാസഖ്യമായി മത്സരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ശത്രുതയിലായിരുന്ന നിധീഷിനെയും ലാലുവിനെയും ഒരുമിപ്പിച്ചിരുന്നത്. തുടര്‍ന്നാണ് ബി.ജെ.പിയെ തകര്‍ത്ത് ബീഹാറില്‍ മഹാസഖ്യം 178 സീറ്റുകളുമായി അധികാരം നേടിയത്. 80 സീറ്റുമായി സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍.ജെ.ഡി 71 സീറ്റു ലഭിച്ച നിധീഷ്‌കുമാറിനെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കുകയും ചെയ്തിരുന്നത്. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ ആര്‍.ജെ.ഡിയുമായുള്ള പടലപ്പിണക്കത്തെതുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിധീഷ് കുമാര്‍ ബി.ജെ.പി പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയായിരുന്നു.

ഇതോടെ ബീഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോദിയാണ് പിന്നീട് ഉപമുഖ്യമന്ത്രിയായത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ എന്‍.ഡി.എ 40തില്‍ 39 സീറ്റും വിജയിച്ച് തകര്‍പ്പന്‍ വിജയമാണ് നേടിയിരുന്നത്. ബി.ജെ.പി 17 സീറ്റ് നേടിയപ്പോള്‍ ജെ.ഡി.യു 16 സീറ്റുകള്‍ സ്വന്തമാക്കുകയുണ്ടായി. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. ആര്‍.ജെ.ഡിക്കാവട്ടെ ഒറ്റ സീറ്റും ലഭിക്കാത്ത സമ്പൂര്‍ണ്ണ പരാജയമായിരുന്നു ഫലം. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ നിധീഷ്‌കുമാറുമായി സഹകരിക്കാമെന്ന നിലപാടിലാണിപ്പോള്‍ ആര്‍.ജെ.ഡി. കോണ്‍ഗ്രസിനും ജെ.ഡി.യു സഖ്യത്തോടാണ് താല്‍പര്യം.

അടുത്ത വര്‍ഷം നടക്കുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യമുണ്ടായാല്‍ അത് പ്രതിരോധത്തിലാക്കുക ബി.ജെ.പിയെയാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം നടന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് മഹാസഖ്യം അധികാരമേറ്റത് കാവിപ്പടയെ ഞെട്ടിച്ചിരുന്നു. ആ ചരിത്രം വീണ്ടും ആവര്‍ത്തിമോ എന്ന ഭയം ബിജെപി നേതൃത്വത്തില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒറ്റയ്ക്ക് ബീഹാര്‍ ഭരണം പിടിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസമാണുള്ളത്.

ബി.ജെ.പി പാളയത്തില്‍ നിന്നും ജെ.ഡി.യു മതേതര ചേരിയിലേക്കെത്തിയാല്‍ അത് കരുത്ത് പകരുക പ്രതിപക്ഷ കൂട്ടായ്മക്കാണ്. ഹരിയാന, ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. പ്രതിപക്ഷകക്ഷികള്‍ മഹാസഖ്യമുണ്ടാക്കിയാല്‍ ഇവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് അത് തിരിച്ചടിയാകും. അതിനാല്‍ ഇടഞ്ഞുനില്‍ക്കുന്ന ജെ.ഡി.യുവിന് കൂടുതല്‍ കേന്ദ്രമന്ത്രി സ്ഥാനം നല്‍കി അനുനയിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. ബീഹാറിന്റെ കാര്യത്തില്‍ റിസ്‌ക്കെടുക്കേണ്ടെന്നാണ് മോദിക്കും അമിതാ ഷായ്ക്കുമുള്ള ആര്‍എസ്എസിന്റെ നിര്‍ദേശം.

Political Reporter

Top