ഭാരത് ജോഡോ യാത്ര: സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കൂടുതൽ പാർട്ടികൾ

ഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കോൺഗ്രസ് പാർട്ടിയുടെ ക്ഷണം നിരസിച്ച് കൂടുതൽ പാർട്ടികൾ. ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സിപിഎം നേരത്തേ തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്.

പ്രധാനമായും കേരള ഘടകത്തിന്റെ എതിർപ്പാണ് യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം. .യാത്രയിൽ സി പി എം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം. എന്നാൽ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചത്.

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്. കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പറഞ്ഞത്.

Top