‘ഇന്ത്യ’ മുന്നണി സീറ്റു വിഭജനത്തിന് മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ജെഡിയു

പട്ന : പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ സീറ്റു വിഭജന ചർച്ച തുടങ്ങുന്നതിനു മുൻപേ ലോക്സഭാ തിരഞ്ഞെടുപ്പിന് ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ സമ്മർദതന്ത്രം. അരുണാചൽ വെസ്റ്റ് മണ്ഡലത്തിലെ ജെഡിയു സ്ഥാനാർഥിയായി പാർട്ടിയുടെ അരുണാചൽ പ്രദേശ് സംസ്ഥാന അധ്യക്ഷൻ റുഹി താൻഗങിനെ പ്രഖ്യാപിച്ചു.

‘ഇന്ത്യ’ മുന്നണിയിലെ മെല്ലെപ്പോക്കിലുള്ള അതൃപ്തി പ്രകടിപ്പിക്കുകയെന്ന ലക്ഷ്യവും ജെഡിയു സ്ഥാനാർഥി പ്രഖ്യാപനത്തിലുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്തതോടെ സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവുമുൾപ്പെടെയുള്ള സംഘടനാകാര്യങ്ങളും നിതീഷിന്റെ പൂർണ നിയന്ത്രണത്തിലായി.

അതിനിടെ, നിതീഷ് കുമാറിനെ അനുനയിപ്പിക്കുന്നതു സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി നേതാക്കളുമായി ഓൺലൈനിൽ ചർച്ച നടത്തി. ഓൺലൈൻ യോഗത്തിലേക്ക് ജെഡിയു പ്രതിനിധിയെ ക്ഷണിച്ചിരുന്നില്ല. ‘ഇന്ത്യ’ മുന്നണി ചെയർമാനായി മല്ലികാർജുൻ ഖാർഗെയെയും കൺവീനറായി നിതീഷ് കുമാറിനെയും നിയമിക്കുന്ന കാര്യം പരിഗണനയിലാണ്.

Top