കര്‍ണാടക നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയില്‍ നിയമസഭയില്‍ ബിജെപിയുമായി ഒന്നിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ നില്‍ക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം.

അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് കുമാരസ്വാമി പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഇന്നലെ ജെഡിഎസ് എംഎല്‍എമാരുടെ യോഗം എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും യോഗത്തില്‍ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.

കര്‍ണാടകയില്‍ ഇത് വരെ ബിജെപി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു നിയമസഭാ സമ്മേളനം പ്രതിപക്ഷനേതാവില്ലാതെ കര്‍ണാടകയില്‍ കഴിഞ്ഞ് പോയത്. ബിജെപിയുമായി ചങ്ങാത്തം കൂടിയാല്‍ പ്രതിപക്ഷ നേതൃപദവി ഉറപ്പാക്കുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യം. പകരം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സ്വാധീനമേഖലയായ ഓള്‍ഡ് മൈസുരുവില്‍ നാല് ലോക്‌സഭാ സീറ്റുകളില്‍ ജയിപ്പിക്കുമെന്നതാകും ജെഡിഎസ്സിന്റെ വാഗ്ദാനം. സീറ്റ് വിഭജന ഫോര്‍മുലയില്‍ സമവായമായാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് എന്‍ഡിഎ പാളയത്തിലാകും. അതല്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലുമാകും.

Top