ദേവ ഗൗഡയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടില്ല; വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: ജെഡിഎസ് – എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവ ഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല.

ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ ഡി എ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണ്. ഞങ്ങള്‍ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എന്‍ഡിഎക്ക് എതിരാണ്. എന്‍ഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എന്‍ ഡി എ സഖ്യത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചുവെന്ന ആണ് എച്ച് ഡി ദേവഗൗഡ പറഞ്ഞത്. അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാരില്‍ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ആ സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു.

Top