ജെഡിഎസ് എൽജെഡി ലയനത്തില്‍ തീരുമാനമായിട്ടില്ലെന്ന് എൽജെഡി അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍

പാനൂർ: എൽജെഡി-ജെഡിഎസ് ലയനത്തില്‍ തീരുമാനമായിട്ടില്ലെന്ന് എൽജെഡി അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. പി ആർ. കുറുപ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്‍ത് സംസാരിക്കുകയായിരുന്നു എംപി. വിഘടിച്ച് നിൽക്കുന്ന രണ്ട് പാർട്ടികൾ യോജിക്കുന്ന കാര്യത്തിൽ പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകു. അതുവരെ സംശയം കൂടാതെ എൽജെഡിക്കാരായി എല്ലാവരും പ്രവർത്തിക്കണം. ലയനം സമയമാകുമ്പോൾ, നടക്കുമ്പോൾ നടക്കട്ടെ. അതിന്‍റെ പേരിൽ ആശയക്കുഴപ്പം വേണ്ട. കർണാടകയിലെ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണ്.

കാർഷിക നിയമഭേദഗതിയെ പാര്‍ലമെന്‍റിനകത്തും പുറത്തും എൽജെഡി എതിർത്തു. ജനാധിപത്യ വിരുദ്ധ രീതിയിലാണ് നിയമഭേദഗതി പാസാക്കിയെടുത്തത്. മൂന്ന് ബില്ലുകൾ ഒരുദിവസം അവതരിപ്പിച്ചു. വോട്ടിങ്ങിന് അവസരം കൊടുക്കാതെ, പ്രതിപക്ഷഭേദഗതി അംഗീകരിക്കാതെ ഏകപക്ഷീയമായ രീതിയിലാണ് ബിൽ പാസാക്കിയെടുത്തത്. രണ്ടോ മൂന്നോ കമ്പനികൾക്കുവേണ്ടി കാർഷികമേഖലയെയും ഭക്ഷ്യമേഖലയെയും തീറെഴുതിക്കൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

Top