ദേവെഗൗഡയുടെ നേതൃത്വത്തില്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് നേതാക്കള്‍

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ നേതൃത്വത്തില്‍ ജെഡിഎസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ജെഡിഎസ് കർണാടക അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി, എച്ച്.ഡി.രേവണ്ണ എന്നിവരുൾപ്പെടെയുള്ള സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റു ചര്‍ച്ചകള്‍ക്കായാണ് സംഘം ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.

കര്‍ണാടകയിലെ കൊടുഗൊല്ല, അഡവിഗൊല്ല, ഹത്തിഗൊല്ല സമുദായങ്ങൾക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും നാളികേര കൃഷിക്ക് പുതിയ നയരേഖ രൂപവത്കരിക്കണമെന്നും കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലെ ഹുത്രി ദുര്‍ഗ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ദേവെഗൗഡ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി, രാഷ്ട്രപുരോഗതിക്ക് ദേവെഗൗഡയുടെ മാതൃകാപരമായ സംഭാവനകളെ രാജ്യം വിലമതിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ബിജെപി കേന്ദ്രനേതൃത്വത്തില്‍നിന്ന് ക്ഷണം ലഭിച്ചതിനെത്തുടര്‍ന്നാണ് ജെഡിഎസ് നേതാക്കൾ ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന. സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയേയും കണ്ടേക്കും. കര്‍ണാടകയില്‍ അഞ്ചു സീറ്റുകള്‍ വരെയാണ് ജെഡിഎസ് ലക്ഷ്യമിടുന്നത്.

Top