ബെംഗളൂരു: കര്‍ണാടക സീറ്റ് വിഭജനത്തില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. സീറ്റ് വിഭജനത്തില്‍ ജെഡിഎസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജെഡിഎസിനെ അവഗണിക്കരുതെന്നും അവഗണിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യമായാല്‍ അങ്ങോട്ടും ഇങ്ങോട്ടും മാന്യമായ ഇടപെടല്‍ വേണം. ഏഴോ എട്ടോ സീറ്റല്ല, 3 സീറ്റുകളാണ് ജെഡിഎസ് ചോദിച്ചത്. അതിന് ജെഡിഎസ്സിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോലാര്‍ സീറ്റ് നല്‍കുന്നതില്‍ ബിജെപിക്ക് കടുത്ത വൈമനസ്യമെന്ന് സൂചനക്ക് പിന്നാലെയാണ് ജെഡിഎസിന്റെ കടുത്ത പ്രതികരണം വന്നത്. സിറ്റിംഗ് എംപിയായ എസ് മുനിസാമിയെ മാറ്റാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. അതേസമയം, ഉള്‍പ്പാര്‍ട്ടി പ്രശ്‌നത്തില്‍ വലയുകയാണ് കര്‍ണാടകയിലെ ബിജെപി നേതൃത്വം. സീറ്റിന്റെ പേരില്‍ ഉടക്കി നില്‍ക്കുന്ന സദാനന്ദഗൗഡയുമായി സജീവമായ സമവായ ചര്‍ച്ചകള്‍ നടത്തുകയാണ് സംസ്ഥാന നേതൃത്വം.
കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ സമീപിക്കുന്നുണ്ടെന്ന് സദാനന്ദഗൗഡ തുറന്നടിച്ചിരുന്നു. ഡി കെ ശിവകുമാറും സദാനന്ദഗൗഡയുമായി അണിയറ ചര്‍ച്ചകള്‍ തുടരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇന്ന് സദാനന്ദഗൗഡ മാധ്യമങ്ങളെ കാണും. മകന് സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനത്തിനെത്തിയ ദിവസം തന്നെ പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ പിണങ്ങിയിറങ്ങിപ്പോകുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ്.