ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെഡിഎസ്

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. വീരേന്ദ്രകുമാറുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെഡിഎസ് നേതൃത്വം വ്യക്തമാക്കി.അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് പ്രതീക്ഷയെന്നും സി കെ നാണു പറഞ്ഞു.

സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിക്കേണ്ട സമയമാണിത്, ജനതാദള്‍ എന്ന പ്രസ്ഥാനം ഭിന്നിച്ചു പോകാതെ ഒരുമിക്കണം. ഇരുപാര്‍ട്ടികള്‍ക്കും ലയനത്തില്‍ താത്പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാല്‍ കാര്യങ്ങള്‍ അനുകൂലമാകും- സി.കെ.നാണു പറഞ്ഞു. ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡി യുഡിഎഫ് വിട്ട് എല്‍ഡിഎഫിന്റെ ഭാഗമായതോടെയാണു ലയന ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ എച്ച് ഡി ദേവഗൗഡയുടെയും ശരത് യാദവിന്റെയും നേതൃത്വത്തില്‍ രണ്ട് വ്യത്യസ്ത പാര്‍ട്ടികളായിരിക്കെ കേരളത്തില്‍ എങ്ങനെയാണ് ലയനം സാധ്യമാകുകയെന്നതായിരുന്നു നേതാക്കളുടെയും അണികളുടെയും മുന്നിലുള്ള പ്രശ്‌നം.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി.കെ.നാണു, കെ.കൃഷ്ണന്‍കുട്ടി എന്നിവരാണ് ജെ.ഡി.എസില്‍ ലയന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Top