“പിളര്‍ന്ന് ” “പിളര്‍ന്ന് ” ദളമായി മാറിയ ജനതാദള്‍ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നു

ജെഡിഎസില്‍ മന്ത്രിമാറ്റങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പിളര്‍പ്പില്‍ നിന്ന് പിളര്‍പ്പിലേക്ക് നീങ്ങി രൂപം കൊണ്ട പാര്‍ട്ടിയും രാഷ്ട്രീയ ഭൂപടത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്.

ഇന്ന് കാണുന്ന ജെഡിഎസ് രൂപം കൊണ്ടതെന്ന് പാര്‍ട്ടിയുടെ പിന്നാമ്പുറ ചരിത്രങ്ങളിലേക്ക് പോയാല്‍ വ്യക്തമായി കാണാം. ജയപ്രകാശ് നാരായണ്‍ രൂപം കൊടുത്ത ജനതാ പാര്‍ട്ടിയിലാണ് ജനതാദള്‍ (സെക്യുലര്‍) കക്ഷിയുടെ വേരുകള്‍ ആദ്യം ഓടി തുടങ്ങിയത്. ഇന്ദിരാ ഗാന്ധിക്കെതിരായ എല്ലാ രാഷ്ട്രീയ കക്ഷികളെയും 1977ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചുകൊണ്ടുവരാന്‍ ജനതാ പാര്‍ട്ടിയെന്ന പേരിലാണ് കക്ഷി ആദ്യം രൂപം കൊണ്ടത്.

തുടര്‍ന്ന് ജനതാ പാര്‍ട്ടി രണ്ടു പ്രാവശ്യം പിളരുകയുണ്ടായി. 1979ലും 1980ലും. ഈ രണ്ട് പിളര്‍പ്പുകളിലൂടെ ആണ് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. ആര്‍.എസ്.എസിനോട് അടുപ്പമുണ്ടായിരുന്ന പഴയ ജനസംഘത്തിലെ അംഗങ്ങളായിരുന്നു ഇതില്‍ ഭൂരിഭാഗം പേരും. ഇവര്‍ പിന്ന്ീട് ഭാരതീയ ജനതാ പാര്‍ട്ടിയെന്ന ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ഇവിടം കൊണ്ടും തീര്‍ന്നില്ല. പാര്‍ട്ടിയിലെ പിളര്‍പ്പുകള്‍ 1988ല്‍ ജനതാ പാര്‍ട്ടിയും ചെറിയ പ്രതിപക്ഷ കക്ഷികളും ചേര്‍ന്നാണ് ബംഗളൂരില്‍ വെച്ച് ജനതാദള്‍ എന്ന പാര്‍ട്ടിയുണ്ടാക്കി.

1996ല്‍ ജനതാദള്‍ സെക്കുലറിന്റെ നേതാവായ എച്ച്.ഡി. ദേവഗൗഡയെ തിരഞ്ഞെടുത്തു. ഐക്യമുന്നണി സര്‍ക്കാരിന്റെ നേതാവെന്ന നിലയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ദേവഗൗഡ മാറുകയും ചെയ്തു. 1999ല്‍ ജനതാദള്‍ വീണ്ടും പിളരുകയും ചില നേതാക്കന്മാര്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേരുവാനായി ജനതാദള്‍ (യുനൈറ്റഡ്) എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആയിരുന്നു ജനതാദള്‍ (യുനൈറ്റഡ്) കക്ഷിയുടെ നേതാവ്. എച്ച്.ഡി. ദേവഗൗഡ ജനതാദള്‍ (സെക്കുലാര്‍) കക്ഷിയുടെ നേതാവായി തുടര്‍ന്നു. പിളര്‍പ്പിനു കാരണം ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേരുന്നതിനുള്ള എതിര്‍പ്പായിരുന്നുവെങ്കിലും ദേവഗൗഡ കോണ്‍ഗ്രസിനോടും തുടക്കം മുതല്‍ തന്നെ തുല്യ അകല്‍ച്ച പാലിച്ചിരുന്നു.


2004ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ പാര്‍ട്ടി തിരികെ വരുകയും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് എച്ച്.ഡി. കുമാരസ്വാമി 20 മാസത്തേയ്ക്ക് ബി.ജെ.പി. പിന്തുണയോടെ ഭരണം നടത്തി. ഇതിനു ശേഷം ജനതാദള്‍ സെക്യുലര്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കുമാരസ്വാമിയും സംഘവും വീണ്ടും കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി . നിലവില്‍ ജനതാദള്‍ (സെക്യുലാര്‍) കര്‍ണാടകത്തിലെ നിയമസഭയില്‍ മൂന്നാമത്തെ വലിയ കക്ഷിയാണ്.

ഇങ്ങനെ പിളര്‍പ്പില്‍ നിന്ന് പിളര്‍പ്പിലേക്ക് ഒരു കാലത്ത് കൂപ്പുകുത്തുന്ന പാര്‍ട്ടിയെന്ന വിശേഷണവും ജെഡിഎസിന് മാത്രം സ്വന്തമായിരുന്നു. 2005ല്‍ സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ധന-തത്ത്വശാസ്ത്ര ബദ്ധരായ സുരേന്ദ്ര മോഹന്‍, എം.പി. വീരേന്ദ്രകുമാര്‍, മൃണാള്‍ ഗോര്‍, പി.ജി.ആര്‍. സിന്ധ്യ എന്നിവര്‍ 2006ല്‍ ദേവഗൗഡയെയും സംഘത്തെയും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. ദേവഗൗഡ ഈ വിമതരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ ജനതാദള്‍ (സെക്കുലര്‍) ആയി തന്നെ തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ ദേവഗൗഡ വിഭാഗത്തിനാണ് അംഗീകാരം ലഭിച്ചത്.

ആണവബില്ലിനെ എതിര്‍ക്കുന്ന ഘട്ടത്തില്‍ വീരേന്ദ്രകുമാറും കേരളത്തിലെ പ്രവര്‍ത്തകരും ജനതാദളില്‍ (സെക്കുലര്‍) തിരിച്ചെത്തി. പി.ജി.ആര്‍. സിന്ധ്യയും ജെ.ഡി.(എസ്.) പാര്‍ട്ടിയില്‍ പിന്നീട് തിരികെയെത്തുകയുണ്ടായി. എന്നാല്‍ സുരേന്ദ്രമോഹനും ചുരുക്കം ചിലരും സമാജ്‌വാദി ജനതാ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. വീരേന്ദ്രകുമാറും വലിയൊരു വിഭാഗം അണികളും പിന്നീട് സോഷ്യലിസ്റ്റ് ജനത എന്ന പാര്‍ട്ടിയുണ്ടാക്കി. സോഷ്യലിസ്റ്റ് ജനതയുടെ അഖിലേന്ത്യാ പ്രസിഡന്റായി പിന്നീട് സുരേന്ദ്ര മോഹന്‍ എത്തുകയും വീരേന്ദ്രകുമാറിനൊപ്പം നില്‍ക്കുകയും ചെയ്തു. പിന്നീട് വീരേന്ദ്രകുമാര്‍ ജനതാദള്‍ യുവിനൊപ്പം ചേരുകയും ചെയ്തു. ജെ ഡി യു നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ ഡി എയില്‍ ചേര്‍ന്നപ്പോള്‍ വീരേന്ദ്രകുമാര്‍ ജെഡിയു ബന്ധമുപേക്ഷിച്ച് ശരത് യാദവിനൊപ്പം ലോക് താന്ത്രിക് ജനതാദളിനൊപ്പം കൂടി.

ഇങ്ങനെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പലരൂപത്തില്‍ പല പേരില്‍ പല മുന്നണികളിലായുണ്ട്. കേരളത്തില്‍ വീണ്ടുമൊരു മന്ത്രി മാറ്റത്തിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ലയന സാധ്യതകളും പിളര്‍പ്പുകളും തന്നെ വീണ്ടും രാഷ്ട്രീയ കേരളത്തിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജനതാ പരിവാര്‍ ലയനത്തിനും നീക്കത്തിനുള്ള സാധ്യതകളും ജെഡിഎസ് തള്ളികളയുന്നില്ല. . ജെഡിഎസ് എം.എല്‍ എ മാരില്‍ സി കെ നാണുവും കൃഷ്ണന്‍കുട്ടിയും എം പി വീരേന്ദ്രകുമാറുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. നിലവില്‍ വീരേന്ദ്രകുമാര്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക്ക് ജനതാദളിനോടാണ് അനുഭാവം പുലര്‍ത്തുന്നത്. എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു വരികയാണ്. എന്നാല്‍ ലയനം സാധ്യമായാല്‍ നിലവില്‍ എംഎല്‍എ മാരില്ലാത്ത വീരേന്ദ്രകുമാറിന്റെ വിഭാഗത്തിന് നേട്ടമാകും. രണ്ട് എംഎല്‍എമാരെ ഒപ്പം കൂട്ടുന്നതിന് ഇതിലൂടെ കഴിയും. ഇങ്ങനെ ലയനമുണ്ടായാല്‍ മാത്യു ടി തോമസ് ലയനത്തെ എതിര്‍ത്ത് ജനതാദള്‍ എസില്‍ തുടരുന്നതിനാണ് സാധ്യത. എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും പ്രിയങ്കരനായി മാറിയ മാത്യു ടി. തോമസിന് എളുപ്പത്തില്‍ ഇത്തരത്തില്‍ ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാമെന്നതുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

റിപ്പോര്‍ട്ട് : കെ.ബി ശ്യാമപ്രസാദ്‌

Top