ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ബിജെപി. ജനതാദള്‍ സെക്കുലര്‍ മൂന്ന് സീറ്റില്‍ മത്സരിക്കും. മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകള്‍ ജെഡിഎസിന് നല്‍കാനാണ് ധാരണയായിരിക്കുന്നത്. നേരത്തെ കോലാര്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ ജെഡിഎസ് അതൃപ്തി വ്യക്തമാക്കിയിരുന്നു.
ജെഡിഎസിന് മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകള്‍ നല്‍കുമെന്ന് നേരത്തെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപി ഇതിനോട് പ്രതികരിച്ചിരുന്നില്ല. സിറ്റിങ്ങ് സീറ്റായ കോലാര്‍ വിട്ടുനല്‍കുന്നതിനെതിരെ ബിജെപിയിലും ആശയക്കുഴപ്പമുണ്ടായിരുന്നു. കോലാറിന് പകരം ചിക്ക്‌ബെല്ലാപൂര്‍ ജെഡിഎസിന് വാഗ്ദാനം ചെയ്തതായും വാര്‍ത്തകളുണ്ടായിരുന്നു. ജെഡിഎസിന് മാണ്ഡ്യയും ഹാസനും മാത്രം നല്‍കിയാല്‍ മതിയെന്ന നിലയിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കുമാര സ്വാമി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ബിജെപി തീരുമാനിച്ചത്. ജെഡിഎസ് ആവശ്യപ്പെട്ട മൂന്നു സീറ്റുകളും ബിജെപി വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ട്.
2019ല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കുമ്പോള്‍ ജെഡിഎസ് ഏഴ് സീറ്റുകളില്‍ മത്സരിച്ചിരുന്നു. ഇതില്‍ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഢ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയോട് പരാജയപ്പെട്ടിരുന്നു. സ്വാധീനകേന്ദ്രമായ ഹാസനില്‍ മാത്രമാണ് 2019ല്‍ ജെഡിഎസിന് വിജയിക്കാന്‍ സാധിച്ചത്. ജെഡിഎസ് നേതാവ് രേവണ്ണയുടെ മകന്‍ പ്രജ്ജ്വുല്‍ രേവണ്ണയാണ് ഇവിടെ വിജയിച്ചത്. മാണ്ഡ്യയില്‍ നിന്നും കോണ്‍ഗ്രസ് സ്റ്റാര്‍ ചന്ദ്രുവെന്ന വെങ്കട്ടരാമ ഗൗഢയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിഖില്‍ ഗൗഢ, കുമാരസ്വാമി, അനിതാ കുമാരസ്വാമി എന്നിവരില്‍ ആരെങ്കിലും മാണ്ഡ്യയില്‍ ജെഡിഎസിന് വേണ്ടി രംഗത്തിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയില്‍ ദേവഗൗഢ കുടുംബാധിപത്യമാണ് എന്ന വിമര്‍ശനം മറികടക്കാന്‍ മാണ്ഡ്യയില്‍ 2014ല്‍ എം പിയായിരുന്ന ടി എസ് പുട്ടരാജുവിനെ ജെഡിഎസ് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഹാസനില്‍ സിറ്റിങ്ങ് എം പി പ്രജ്ജ്വുല്‍ രേവണ്ണ രണ്ടാമൂഴത്തിന് ഇറങ്ങുമെന്ന് ഉറപ്പാണ്.