ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളായ എല്‍.ജെ.ഡിയും ജെ.ഡി.എസും ഒന്നിക്കുന്നു

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളായ ജനതാദള്‍ സെക്യുലറും ( ജെ.ഡി.എസ്) ലോക് താന്ത്രിക് ജനതാദളും(എല്‍.ജെ.ഡി.) തമ്മില്‍ ലയിക്കാന്‍ ധാരണ.

ലയനം സബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായതായും ജെ.ഡി.എസ്. നിയമസഭാംഗവും മുതിര്‍ന്ന നേതാവുമായ സി.കെ. നാണു ചെയര്‍മാനും എല്‍.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍ വര്‍ക്കിങ് ചെയര്‍മാനും ആകുമെന്നുമാണ് നിലവിലെ ധാരണയെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നത്.

2009-ലാണ് ജെ.ഡി.എസ്. പിളര്‍ന്ന് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് യു.ഡി.എഫ്. മുന്നണിയില്‍ ചേര്‍ന്ന വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി 2017-ല്‍ തിരികെ എല്‍.ഡി.എഫിന്റെ ഭാഗമായി. വീരേന്ദ്രകുമാര്‍ മരിക്കുന്നതിന് മുമ്പുതന്നെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ എല്‍.ജെ.ഡിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. എന്നാല്‍ ജെ.ഡി.എസിന് നിയമസഭയില്‍ മൂന്ന് എം.എല്‍.എമാരുണ്ട്. ഇതിലൊരാള്‍ക്ക് മന്ത്രിസ്ഥാനവുമുണ്ട്.

Top