അടിയന്തിരാവസ്ഥ ഓർമ്മപ്പെടുത്തുന്നത് . . ജനകീയ പ്രതിരോധത്തിന്റെ ആവശ്യകതയെ

തിരുവന്തപുരം: അടിയന്തിരാവസ്ഥയുടെ ഇരുണ്ട ദിനത്തിന്റെ വാര്‍ഷിക ദിനം ജനാധിപത്യം ശക്തിപ്പെടുത്താന്‍ ജനങ്ങളാകെ ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന്‍.

WhatsApp Image 2018-06-26 at 2.58.12 AM

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അടിയന്തിരാവസ്ഥയില്‍ നേരിട്ട പീഢനങ്ങളെ കുറിച്ച് ജയരാജന്‍ പ്രതികരിച്ചത്.

WhatsApp Image 2018-06-26 at 2.48.44 AM

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :-

ജനകീയ പ്രതിരോധത്തിന്റെ ആവശ്യകതയാണ് അടിയന്തിരാവസ്ഥയും ഇരുള്‍വീഴുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവും ഓര്‍മ്മപ്പെടുത്തുന്നത്
====================
ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 43 വര്‍ഷം. 1975 ജൂണ്‍ 25 മുതല്‍ 77 മാര്‍ച്ച് 21 വരെയായിരുന്നു അടിയന്തിരാവസ്ഥാക്കാലം. 21 മാസക്കാലത്തെ അടിയന്തിരാവസ്ഥ. ജനാധിപത്യ വ്യവസ്ഥയെ തീര്‍ത്തും നിഷ്‌ക്കാസനം ചെയ്ത കാലയളവായിരുന്നു അത്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥതന്നെ അട്ടിമറിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഭരണവര്‍ഗം കവര്‍ന്നെടുത്തു. രാജ്യരക്ഷയുടെ പേരില്‍ ജയപ്രകാശ് നാരായണന്‍ ഉള്‍പ്പടെയുള്ള രാജ്യസ്‌നേഹികളെയാകെ ജയിലിലടച്ചു. പത്രസ്വാതന്ത്ര്യം കര്‍ശനമായ നിയന്ത്രണത്തിന് വിധേയമാക്കി. എ കെ ജി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗം പോലും വെളിച്ചംകണ്ടില്ല. കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട ആദരണീയരായ ബഹുജന നേതാക്കള്‍ ആരൊക്കെയാണെന്ന വിവരവും മറച്ചുവെച്ചു. അവരുടെ പേര് പത്രങ്ങളില്‍ അച്ചടിക്കാന്‍ അനുവദിച്ചില്ല. അടിയന്തിരാവസ്ഥക്കാലത്തെ പൊലീസിന്റെ പൈശാചികമായ മര്‍ദനവും മറ്റ് ക്രൂരതകളും അതിക്രമങ്ങളും അത്രകണ്ട് ഭീകരമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ ഉള്‍പ്പടെ നിരവധിയായ ആളുകള്‍, കണ്ണില്‍ ചോരയില്ലാത്ത പോലീസ് ക്രൂരതയ്ക്ക് അന്ന് ഇരയാകേണ്ടിവന്നു. കേരളത്തിലെ ഇന്നത്തെ മുഖ്യമന്ത്രി ആ ക്രൂരതയെ നേരിടുകയും സധൈര്യം വിചാരണ ചെയ്യുകയും ചെയ്തയാളുകളില്‍ ഒരാളാണെന്നത് നമുക്കറിയാം.

ജനവികാരം അടിയന്താരവസ്ഥക്കെതിരാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് 1977 ആദ്യം അടിയന്തരാവസ്ഥ പിന്‍വലിക്കാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇടയായത്.1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. കോണ്‍ഗ്രസിന് കേന്ദ്രഭരണം നഷ്ടപ്പെട്ടു. ജനതാപാര്‍ടി അധികാരത്തില്‍ വന്നു. ബൂര്‍ഷ്വാസിക്കകത്തുള്ള ഏറ്റുമുട്ടലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് പ്രേരണയായത്. ജയപ്രകാശ് നാരായണനെപോലുള്ള ത്യാഗിവര്യനായ സ്വാതന്ത്ര്യസമര നേതാവിനെപോലും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അല്‍പംപോലും മനഃസാക്ഷിക്കുത്തനുഭവപ്പെട്ടില്ലെന്നത് ഓര്‍ക്കണം. 43 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ ബി.ജെ.പി ഭരിക്കുമ്പോള്‍, ജനജീവിതത്തില്‍ ഫലത്തില്‍ അടിയന്തിരാവസ്ഥ തന്നെയാണ്. കോര്‍പ്പറേറ്റ് അനുകൂല ഭരണനയം, രാജ്യത്ത് വിലക്കയറ്റം ശക്തമാക്കുകയും ജനജീവിതം കടുത്ത ദുരിതത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരിക്കുന്നു. ജാതിയുടെ-മതത്തിന്റെ-ഭക്ഷണത്തിന്റെ പേരില്‍ വരെ ആളുകളെ കൊന്നൊടുക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ പോലും സംഘപരിവാര്‍ രാഷ്ട്രീയം പിടിമുറുക്കാന്‍ ശ്രമിക്കുന്നതും സുപ്രീം കോടതിയില്‍ നിന്നുതന്നെ അതിനെതിരെ പ്രതിരോധം ഉയര്‍ന്നതുമെല്ലാം നമ്മള്‍ കണ്ടു. ഇരുള്‍ വീഴുന്ന ഇന്ത്യന്‍ സാഹചര്യത്തിലാണ്, 1975 ലെ ആ ഇരുണ്ട ദിനത്തിന്റെ വാര്‍ഷികവും വന്നെത്തുന്നത്. ജനാധിപത്യം ശക്തിപ്പെടുത്താന്‍ ജനങ്ങളാകെ ഒരുമിക്കേണ്ടതിന്റെ ആവശ്യകതയാണ് അടിയന്തിരാവസ്ഥയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുന്നത്.

– എം.വി ജയരാജന്‍

Top