ചരിത്രം പഠിച്ച പുതിയ ഗവര്‍ണര്‍ റിസര്‍വ് ബാങ്കിനെ ‘ചരിത്രമാക്കി’ മാറ്റാതിരിക്കട്ടെ : ബിജെപി നേതാവ്‌

ഡല്‍ഹി : ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശക്തികാന്തദാസിന്റെ നിയമനത്തിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് ജയ്‌നാരായണ്‍ വ്യാസ്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ റിസര്‍വ് ബാങ്കിനെ തന്നെ ഒരു ചരിത്രമാക്കി മാറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം- ജയ്‌നാരായണ്‍ വ്യാസ് ട്വിറ്ററില്‍ കുറിച്ചു.

റിസര്‍വ് ബാങ്കിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഒരു സാമ്പത്തിക വിദഗ്ധനായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .പുതിയ ഗവര്‍ണര്‍ക്ക് ചരിത്രത്തിലാണ് ബിരുദാനന്തര ബിരുദമുള്ളതെന്ന കാര്യം കൊണ്ടു തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് അദ്ദേഹം കൂടുതല്‍ പ്രയത്നിക്കേണ്ടി വരും. റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കുക എന്നത് മാത്രമല്ല കരുതല്‍ ധനം അടക്കമുള്ളവയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയേണ്ടി വരും

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തര അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഐഎഎസ് പദവിയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന മുന്‍ ഗവര്‍ണര്‍മാര്‍ക്കുണ്ടായിരുന്ന ആധികാരികത ഇവിടെയില്ല വ്യാസ് എഎന്‍ഐയോട് വ്യക്തമാക്കി.

ഒരു സാമ്പത്തികവിദഗ്ദ്ധനല്ലാത്ത വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമായ ശക്തികാന്തദാസിനെ റിസര്‍വ്ബാങ്ക് ഗവര്‍ണറായി നിയമിച്ചതില്‍ അതൃപ്തി പ്രകടിച്ച് മറ്റ് നേതാക്കളും മുന്നിട്ട് വന്നിരുന്നു. ശക്തികാന്തദാസ് മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടു നിന്നുവെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. പ്രതിപക്ഷവും നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധനത്തിന് പ്രധാനമന്ത്രിയെ പിന്തുണച്ച ശക്തികാന്തദാസ് മോദി പറയുന്നതിനനുസരിച്ചായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വ്യക്തമാക്കിയിരുന്നു.

Top