ഹാസ്യസാമ്രാട്ടിന്റെ തിരിച്ചുവരവ് ആഘോഷമാക്കി താരരാജാക്കന്മാര്‍

ലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന നിമിഷമാണ്. ജഗതിയെ സാക്ഷിയാക്കി മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെ സ്‌ക്രീനില്‍ ആ പരസ്യചിത്രം റിലീസ് ചെയ്തതോടെ കാത്തിരുന്ന നിമിഷത്തിന് ആയിരങ്ങൾ സാക്ഷിയായി.

കാറപകടത്തില്‍പ്പെട്ട് നീണ്ട ഏഴു വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവാണ് താരരാജാക്കന്മാര്‍ ആഘോഷമാക്കിയത്. ജഗതി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം ഇരുവരും ചേര്‍ന്ന് റിലീസ് ചെയ്തു. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു.

‘പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നു ജഗതിയെന്ന് മമ്മൂട്ടി പറഞ്ഞു. അപകടത്തില്‍പ്പെട്ട് ജഗതി നിശ്ശബ്ദനായത് നമുക്കെല്ലാം സങ്കടകരമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് നമ്മളെല്ലാം ഏറെ നാളായി കാത്തിരുന്നതാണെന്നും’ മമ്മൂട്ടി പറഞ്ഞു.

‘ജഗതി എന്നാല്‍ എന്നും എന്റര്‍ടെയ്‌നറായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒരുകാലത്തും മലയാളികളുടെ മനസ്സില്‍ നിന്ന് മായില്ല. അമ്പിളിച്ചേട്ടന്‍ അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്നും’ മോഹന്‍ലാല്‍ പറഞ്ഞു.

Top