മോദിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് ജയതി ഘോഷ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് മഹാമാരി തെളിയിച്ചിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ്.

ഛത്തിസ്ഗഢില്‍ നിന്നും തെലങ്കാനയിലെ മുളക് പാടങ്ങളില്‍ പണിയെടുക്കാനെത്തിയ ജംലൊ മക്കാഡം എന്ന 12 കാരി പെണ്‍കുട്ടിയുടെ ദുരന്ത ജീവിതം ഉദാഹരിച്ചാണ് ജയതിഘോഷ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നാല് മണിക്കൂര്‍ മാത്രം മുന്‍കൂര്‍ നോട്ടീസ് നല്‍കി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ രക്തസാക്ഷിയാണ് മക്കാഡം എന്ന് ജയതി പറയുന്നു.

മാര്‍ച്ച് 24ന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പണിയും കൂലിയും ഭക്ഷണവുമില്ലാതെ അവരുടെ പണിയിടങ്ങളില്‍ പെട്ടുപോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റു വഴിയൊന്നുമില്ലാതെ മക്കാഡവും കൂടെയുള്ളവരും ജന്മനാട്ടിലേക്ക് കാല്‍നടയായി തിരിച്ചുപോകാന്‍ ശ്രമിച്ചു.

എന്നാല്‍ ഏപ്രില്‍ 18ന് തന്റെ നാട്ടിലെത്താന്‍ മണിക്കൂറുകളുടെ യാത്ര മാത്രം അവശേഷിക്കെ ആ പന്ത്രണ്ടുകാരി റോഡരികില്‍ കുഴഞ്ഞുവീണു മരിച്ചു. സര്‍ക്കാരിന്റെ കണ്ണില്‍ മക്കാഡം വെറുമൊരു സ്ഥിതിവിവര കണക്ക് മാത്രമാണെന്നും ലോക്ക്ഡൗണിനെത്തുടര്‍ന്ന് മരിച്ചുവീണ സാധാരണ മനുഷ്യരോട് ഒരു തരത്തിലുള്ള അനുകമ്പയും ഭരണകൂടത്തിനുണ്ടായില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു.

മനുഷ്യര്‍ക്കിടയിലുള്ള അസമത്വങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് തന്നെ മുന്‍നിരയിലാണെന്നും ഈ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുകയാണ് കോവിഡ് 19 ചെയ്തിരിക്കുന്നതെന്നും ജയതി കുറ്റപ്പെടുത്തി.

Top