ജയസൂര്യയും സല്യൂട്ട് ചെയ്തു പോയി, കൊച്ചി മേയർ അനിൽകുമാറിനെ . . .

കൊച്ചി മേയര്‍ അങ്ങനെയാണ്, ഒരു വാക്കു പറഞ്ഞാല്‍ അത് പാലിച്ചിരിക്കും. ഇക്കാര്യത്തില്‍ നടന്‍ ജയസൂര്യയെയാണ് മേയര്‍ അനില്‍ കുമാര്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കലാകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം മനോഹരമായ തെരുവുകള്‍ ഒരുങ്ങണമെന്നത് ജയസൂര്യയുടെ വലിയ സ്വപ്നമായിരുന്നു. ഇതേക്കുറിച്ച് കൊച്ചി മേയറുമായുള്ള കൂടികാഴ്ചയില്‍ മുന്‍പ് ജയസൂര്യ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചുമ്മാ പറഞ്ഞു എന്നല്ലാതെ മേയര്‍ തന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുമെന്ന് ഒരിക്കലും ജയസൂര്യ കരുതിയിരുന്നില്ല. എന്നാല്‍, അദ്ദേഹത്തെ പോലും അമ്പരപ്പിച്ച് മിന്നല്‍ വേഗത്തിലാണ് മേയറുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ നഗരത്തില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക ഇടമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.

‘ആര്‍ട്‌സ് സ്‌പേസ് കൊച്ചി’ അഥവാ ‘ആസ്‌ക് ‘എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അധികൃതര്‍ ക്ഷണിച്ചതും ജയസൂര്യയെ തന്നെയാണ്. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന രാഷ്ട്രീയക്കാരെ കണ്ടു ശീലിച്ച ജയസൂര്യക്ക് ഇത് പുതിയ ഒരു അനുഭവം തന്നെയായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ തെരുവു കലാകാരന്‍മാര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രോത്സാഹനവും നമ്മുടെ നാട്ടിലെ കലാകാരന്‍മാര്‍ക്കും ലഭിക്കണമെന്ന ആഗ്രഹംമൂലമാണ് താന്‍ ഇതെക്കുറിച്ച് മേയറോട് സംസാരിച്ചതെന്നാണ് ജയസൂര്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ പദ്ധതി ഇത്രപെട്ടന്ന് നടപ്പാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.

വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന അവസരങ്ങളിലാണ് തെരുവിലെ കലാപ്രകടനങ്ങള്‍ ജയസൂര്യയെ വല്ലാതെ ആകര്‍ഷിച്ചിരുന്നത്. അവിടെയെല്ലാം കാണാന്‍ ഭംഗിയുള്ള തെരുവുകളുമുണ്ടായിരുന്നു. നിരവധി കലാകാരന്‍മാര്‍ നൃത്തം ചെയ്യുകയും മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന കാഴ്ചകളും വിസ്മയിപ്പിക്കുന്നതായിരുന്നു. സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും മാജിക് ചെയ്യുന്നതിലും പ്രത്യേക മികവ് തന്നെ അവിടങ്ങളില്‍ പ്രകടവുമാണെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം ആസ്വദിക്കാന്‍ ജനങ്ങള്‍ വലിയ തോതില്‍ തടിച്ച് കൂടി നില്‍ക്കുന്നതും ജയസൂര്യയെ സംബന്ധിച്ച് വേറിട്ട ഒരു കാഴ്ച തന്നെയായിരുന്നു.

കലാകാരന്‍മാരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് വിദേശത്തുള്ളത്. ചിലര്‍ക്ക് അത് വരുമാനവും കൂടിയാണ്. ആരോടും അനുവാദം ചോദിക്കാതെ ആര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള ഒരിടമാണത്. ഞങ്ങള്‍ അഭിനേതാക്കളും ഒരു തരത്തില്‍ തെരുവു കലാകാരന്‍മാരാണെന്നും ജയസൂര്യ തുറന്നു പറയുകയുണ്ടായി. പലപ്പോഴും അഭിനയം തെരുവിലാണ്. അത് ക്യാമറ വച്ചു പകര്‍ത്തുന്നുവെന്ന വ്യത്യാസം മാത്രമാണുള്ളത്. അതല്ലാതെ അവരുമായി മറ്റു വ്യത്യാസങ്ങളൊന്നുമില്ലന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ തെരുവു കലാകാരന്‍മാര്‍ ആര്‍ക്കും പിറകിലല്ലന്നും അവരെ വിലക്കുറച്ചു കാണേണ്ടതില്ലന്നതുമാണ് ജയസൂര്യയുടെ അഭിപ്രായം.

കലാകാരന്‍മാരെ സംബന്ധിച്ച് ഒരോ നിമിഷവും വഴിത്തിരിവാണ്. ഇത്തരം തെരുവുകള്‍ വരുമാനത്തിനപ്പുറം കലാകാരന്‍മാര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് കരുത്തേകുകയാണ് ചെയ്യുക. അവര്‍ തെരുവുകള്‍ പരാമവധി ഉപയോഗിക്കട്ടെ. നമുക്ക് അതാസ്വസ്വദിക്കാമെന്നതാണ് ജയസൂര്യ പറയുന്നത്. ‘ആസ്‌കിന്റെ’ വരവോടെ കൊച്ചിയില്‍ പുതിയൊരു സംസ്‌കാരത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ഇത് കേരളത്തിലുടനീളം വ്യാപിക്കുകയും അതുവഴി പുതിയ കലാകാരന്‍മാര്‍ പിറവിയെടുക്കട്ടെ എന്നും ആശംസിച്ചാണ് ജയസൂര്യ തന്റെ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.

ജയസൂര്യയുടെ സ്വപ്നം സാക്ഷാത്കരിച്ച കൊച്ചി മേയര്‍ ബ്രോയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണിപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. തെരുവ് കലാകാരന്‍മാര്‍ക്ക് പുതിയൊരിടം നല്‍കിയതില്‍ മാത്രമല്ല, ഏത് നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും അവ പെട്ടന്ന് തന്നെ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മേയറുടെ വേറിട്ടരീതിക്കാണ് ഏറെ കയ്യടി ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Top