Jayasurya says about road safety; CM reply

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടന്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഞങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് നന്ദി സാര്‍’ എന്ന തലക്കെട്ടോട് കൂടിയുള്ള പോസ്റ്റില്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന തന്റെ അഭ്യര്‍ത്ഥനയില്‍ നടപടി സ്വീകരിച്ചതിനാണ് ജയസൂര്യയുടെ നന്ദി പ്രകടനം.

റോഡുകളുടെ ശോച്യാവസ്ഥയും അതുണ്ടാക്കുന്ന അപകടങ്ങളും പരിഹരിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് നടന്‍ ജയസൂര്യ ഇട്ട വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. രാവിലെ കുഴിയില്‍ വീണ് പരിക്കേറ്റയാളെ കണ്ടിട്ടാണ് താന്‍ യാത്ര തുടങ്ങിയതെന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോ മുഖ്യമന്ത്രിയോടുള്ള അപേക്ഷയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊച്ചിയില്‍ തകര്‍ന്ന റോഡിലെ കുഴികളില്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി നടത്തിയത് വിവാദമായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതി ഇതിന്റെ പേരില്‍ നടനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്താണ് ഇതിന് പകരം വീട്ടിയത്.

ജയസൂര്യയുടെ അപേക്ഷ പരിഗണിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധമായി സര്‍ക്കാര്‍ സ്വീകരിച്ചതും സ്വീകരിക്കാന്‍ പോകുന്നതുമായ നടപടികള്‍ ഫേസ്ബുക്ക് വഴി തന്നെ മുഖ്യമന്ത്രിയും വിശദമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്…

റോഡു വികസനം അനിവാര്യമാണ്. റോഡുകളുടെ ശോച്യാവസ്ഥ യാഥാര്‍ത്ഥ്വവുമാണ്.

ടാര്‍ ചെയ്ത് ഒരു വര്‍ഷമാകുന്നതിന് മുമ്പ് റോഡുകള്‍ കുഴികളാവുകയാണ്. യഥാസമയത്ത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് പണി നടക്കാത്തതു കൊണ്ടാണിത്. പൊതു മരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരസഭാ, പഞ്ചായത്ത് എന്നിങ്ങനെയുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പരസ്പരം പഴി ചാരുന്ന അനുഭവമാണ് ജില്ലാ വികസന സമിതികളില്‍ കാണുന്നത്. തര്‍ക്കത്തിനൊടുവില്‍ കരാറുകാരന്‍ പ്രതിയാകും. ഈ സംവിധാനത്തില്‍ സമഗ്രമായ അഴിച്ചു പണി അനിവാര്യമാണ്.

അധികാരത്തില്‍ വരുന്നതിനു മുന്പ്തന്നെ എല്‍ ഡി എഫ് ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. നവ കേരള മാര്‍ച്ചിനിടയില്‍പല പ്രദേശങ്ങളിലും ഞാന്‍ ഈ കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും ഭരണത്തിലെത്തിയതിനു ശേഷം ആദ്യ ബജറ്റിലും ഈ വിഷയം ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജന സാന്ദ്രതയ്ക്ക് അനുസൃതമായി റോഡുകള്‍ നിര്‍മ്മിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പു വരുത്തുക സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളില്‍ ഒന്നാണ്.

റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവത്കരിക്കും. എന്ന് മാത്രമല്ല, കാലവര്‍ഷത്തില്‍ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തി യാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍, ഓവുചാല്‍ വൃത്തിയാക്കല്‍, കുഴികള്‍ അടക്കല്‍, അപകട ഭീഷണിയുളള മരങ്ങളുടെ ശാഖകള്‍ മുറിക്കല്‍ എന്നിവ ഇതില്‍ പെടും.

റോഡ് സുരക്ഷിതത്വം അതിപ്രധാനമാണ്. ഓടകള്‍, വഴിവിളക്കുകള്‍, നടപ്പാത എന്നിവയോടു കൂടി റോഡുകളും ജങ്ഷനുകളും ബസ് ബേകളും ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും അവശ്യ സൗകര്യങ്ങള്‍ ഉറപ്പാക്കി പുനര്‍നിര്‍മിക്കും. നാടിന്റെ പൈതൃകം സംരക്ഷിച്ച് ജനസൗഹൃദമായി റോഡുകള്‍ സൗന്ദര്യവത്കരിക്കുന്നതിനു ശ്രദ്ധിക്കും. മീഡിയനുകളും പൂന്തോട്ടങ്ങളും നിര്‍്മിക്കും. റോഡ് മുറിച്ചുകടക്കുന്നതിന് ടേബിള്‍ടോപ്പ് സംവിധാനം, ജങ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകള്‍ക്കായി മാത്രം പാത നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കും.

ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്കുന്ന പരാതികള്‍ ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ക്ക് കൈമാറി നടപടിയെടുക്കാന്‍ വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കിയേ തീരൂ.

സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്!, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന്‍ ജയസൂര്യയുടെ (Jayasurya) ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നു. ജയസൂര്യയെ പോലുള്ള പ്രശസ്ത താരങ്ങളും നിര്‍മ്മാതാക്കളും സ്വയം മുന്നിട്ടിറങ്ങിയും തങ്ങളുടെ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടും ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണ അവര്‍ക്കുണ്ടാകും എന്നും വിശ്വസിക്കുന്നു.

Top