‘മേരി ആവാസ് സുനോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ജയസൂര്യ

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജി.പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററില്‍ ഉള്ളത്.

ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സന്തോഷ്‌കേശവ്, ജിതിന്‍ രാജ്,ആന്‍ ആമി എന്നിവര്‍ പാട്ടുകള്‍ പാടിയിരിക്കുന്നു.

Top