‘രാമസേതു’ മെട്രോമാന്‍ ആയി ജയസൂര്യ; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘രാമസേതു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെട്രോമാന്‍ ആയി വേഷമിടുന്നത് ജയസൂര്യയാണ്.

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. പാമ്പന്‍ നിര്‍മാണകാലത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ഡല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തീയ്യേറ്ററില്‍ എത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകള്‍ അറിയിച്ചിരിക്കുന്നത്.

അരുണ്‍ നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സുരേഷ്ബാബുവാണ്. നമ്മുടെ നാട്ടില്‍ ചരിത്രം സൃഷ്ടിച്ച ആ മഹാനായ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്ന് വി.കെ പ്രകാശ് പറയുന്നു.

Top