‘വെള്ളം’ കിടിലന്‍; അഭിനന്ദിച്ച് ഋഷിരാജ് സിംഗിന്റെ കുറിപ്പ്‌

ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിച്ച വെള്ളം പ്രശംസിച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗും രംഗത്ത്. നിരവധി പ്രമുഖര്‍ ചിത്രത്തെയും ജയസൂര്യയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതുവരെ കണ്ടിട്ടുള്ള മദ്യപാനത്തിന് അടിമയായ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിനയമാണ് മുരളി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ കാഴ്ചവയ്ക്കുന്നതെന്നാണ് ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഋഷിരാജ് സിംഗിന്റെ കുറിപ്പ്

‘വെള്ളം’ -Essential drink of life

( Excess of anything is bad )film review- ഋഷിരാജ് സിംഗ്

ടൈറ്റില്‍ വായിച്ചാല്‍ കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളിലെ പ്രശ്‌നം ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി ആണോ എന്ന് തോന്നിപ്പോകും. സിനിമ കാണുമ്പോഴാണ് മദ്യത്തെ കുറിച്ചുള്ള നാടന്‍ ഭാഷയായി വെള്ളത്തെ കാണുന്നത് എന്ന് മനസ്സിലാകുന്നത്. കണ്ണുനീരും ഒരു വെള്ളമാണ് അതിനെ സംബന്ധിച്ചും ഈ സിനിമയില്‍ കാണാന്‍ കഴിയും.

ഇത് ഒരാളുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണ്. ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ ഈ സിനിമ വരച്ചുകാണിക്കുന്നു. നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള മദ്യപാനത്തിന് അടിമയായ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ അഭിനയമാണ് മുരളി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ കാഴ്ചവയ്ക്കുന്നത്. മുരളി എന്ന സ്ഥിരം മദ്യപാനിയുടെ നിസ്സഹായയായ ഭാര്യയായി സംയുക്ത മേനോനും വളരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഒരാളുടെ അമിത മദ്യപാനം മൂലം നാട്ടിലും വീട്ടിലും ഉണ്ടാവുന്ന നിരവധി പ്രശ്‌നങ്ങളും മദ്യം ലഭിക്കാതെ വരുമ്പോള്‍ അയാള്‍ നടത്തുന്ന പരാക്രമങ്ങളും ആത്മഹത്യാപ്രവണതയും അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളും ഈ സിനിമയില്‍ സംവിധായകനായ പ്രജീഷ് സെന്‍ നല്ല രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

ഒരു ലഹരിവിമോചന കേന്ദ്രത്തിന്റെ ഉടമസ്ഥനായി സിദ്ദിഖും നല്ല അഭിനയം കാഴ്ച വച്ചിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മാര്‍ഗമാണ് മദ്യം, എന്നാല്‍ മദ്യത്തിന് അടിമപ്പെട്ടു പോകുന്നത്തിന്റെ ദൂഷ്യവശങ്ങള്‍ ഈ സിനിമയില്‍ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മദ്യപാനത്തിന് അടിമപ്പെടുന്നത് ഒരു രോഗമാണ്, ശരിയായ ലഹരി വിമുക്ത ചികിത്സയിലൂടെ അതില്‍ നിന്ന് പുറത്ത് വരാനും കഴിയുമെന്ന് ഈ സിനിമ കാണിച്ചുതരുന്നു. ബിജിപാലാണ് ചിത്രത്തിന് മികവുറ്റ സംഗീതം ഒരുക്കിയിരിക്കുന്നത്, പക്ഷേ ചില സ്ഥലങ്ങളില്‍ സിനിമയുടെ ഫ്‌ലോ തന്നെ ഇല്ലാതാക്കി വലിച്ചു നീട്ടി കൊണ്ടുപോകുന്നതായി തോന്നുന്നുണ്ട്. റോബി വര്‍ഗീസ് രാജിന്റെ ക്യാമറ കേരളത്തിന്റെ നാട്ടിന്‍പുറങ്ങളുടെ സൗന്ദര്യം ഭംഗിയായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. വളരെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ മലയാള സിനിമ കാണാന്‍ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അതൊരു പ്രത്യേക അനുഭവമായിരുന്നു.

കോവിഡ് മൂലം വളരെയേറെ പ്രതിസന്ധി നേരിട്ട മേഖലയാണ് മലയാള സിനിമ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിറഞ്ഞ സദസ്സില്‍ സിനിമ പ്രദര്‍ശനം നടക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

 

 

Top