ജയസൂര്യ ചിത്രം “വെള്ളം ” തീയറ്ററുകൾ തുറന്നാലുടൻ റിലീസുണ്ടാകുമെന്ന് നിർമാതാക്കൾ

യസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത പുതിയ ചിത്രം “വെള്ളം “റിലീസിന് തയ്യാറായതായി നിർമാതാക്കൾ. സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളിൽ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കും ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ഒരുക്കമാണെന്നും നിർമാതാക്കളിൽ ഒരാളായ ജോസ്ക്കുട്ടി മഠത്തിൽ പറഞ്ഞു. തീയറ്ററുകളിൽ ഭയപ്പാടില്ലാതെ പ്രേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം’. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര മഠത്തിൽക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

സംയുക്ത മേനോൻ, സ്നേഹ പാലിയേരി, സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Top