ജയസൂര്യയുടെ ‘സണ്ണി’ റിലീസ് പ്രഖ്യാപിച്ചു; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ജയസൂര്യ പങ്കുവച്ചിരിക്കുന്നത്.

‘സിനിമയില്‍ 20 വര്‍ഷം…അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്ന ഒരു വ്യവസായത്തില്‍ 20 വര്‍ഷം. മികച്ച സംവിധായകര്‍, നിര്‍മ്മാതാക്കള്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരോടൊപ്പം 20 വര്‍ഷത്തെ ജോലി, 20 വര്‍ഷത്തെ വളര്‍ച്ച, നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ധന്യമായ 20 വര്‍ഷം. നന്ദി. ഈ 20 വര്‍ഷങ്ങളില്‍ ഞാന്‍ അനുഗ്രഹീതനായിരുന്നു. 100 ചിത്രങ്ങള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടു, എനിക്ക് ഏറെ പ്രിയപ്പെട്ട 100 കഥാപാത്രങ്ങള്‍, 100 കഥകള്‍, എണ്ണിയാലൊടുങ്ങാത്ത സ്റ്റാര്‍ട്ട് ക്യാമറ ആക്ഷനും കട്ടും…കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളുടെയും സമൃദ്ധി. ഈ മനോഹരമായ യാത്രയുടെ തുടക്കത്തില്‍, എന്റെ നൂറാമത്തെ സിനിമയായ സണ്ണി ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

സണ്ണി, എന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും സമാനകളില്ലാത്ത ആശയമായതിനാല്‍ ഇതിന് എന്റെ ഹൃദയത്തില്‍ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു 240 രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈമിലൂടെ സണ്ണി സെപ്തംബര്‍ 23ന് നിങ്ങളിലേക്കെത്തും’.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസൈനര്‍-സരിത ജയസൂര്യ, സ്റ്റില്‍സ്-നിവിന്‍ മുരളി, പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍, അസോസിയേറ്റ് ക്യാമറമാന്‍-ബിനു, ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി, പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്.

Top