സിനിമാ പാരമ്പര്യമില്ല… മലയാളസിനിമയില്‍ ജയസൂര്യയുടെ ഒറ്റയാള്‍ പോരാട്ടം!

കുടുംബവാഴ്ച്ചയുടെ പ്രതിനിധികളായി നിരവധിപേര്‍ മലയാള സിനിമയില്‍ തുടരുമ്പോള്‍ അവിടെ ഒറ്റയ്ക്ക് ഒരാള്‍ക്ക് എങ്ങനെ സ്ഥാനം കണ്ടെത്താനാകും?? ഒരു ഗോഡ്ഫാദറിന്റെയും പിന്തുണയില്ലാതെ ഒറ്റയ്‌ക്കൊരാള്‍ക്ക് നേടാവുന്ന നേട്ടങ്ങള്‍ക്കും എത്താവുന്ന ഉയരങ്ങള്‍ക്കും ഒരു പരിധി ഉണ്ടെന്ന് തോന്നുന്നവര്‍ ജയസൂര്യയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. യാതൊരു മേല്‍വിലാസവുമാല്ലാതെ തുടങ്ങിയ സിനിമാ ജീവിതം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന് കണ്ണു തുറന്നു കാണേണ്ടിയിരിക്കുന്നു.

2001-ല്‍ തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രത്തില്‍ മുഖംകാണിച്ചു കൊണ്ടായിരുന്നു ജയസൂര്യയുടെ കടന്നുവരവ്. ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ ദിലീപിന്റെ അടികൊള്ളാന്‍ തിരുമാനിച്ചിരുന്നയാള്‍ എത്താത്തതിനാല്‍ നടന്‍ ജഗതീശ്രീകുമാര്‍ താന്‍ താമസിച്ച ഹോട്ടലില്‍ ഒരു പയ്യന്‍ ഉണ്ടെന്നു പറഞ്ഞ് ജയസൂര്യയെ വിളിപ്പിക്കുകയായിരുന്നു. പിന്നീട് മലയാളികളുടെ ഉരിയാടാപ്പയ്യനായി 2002-ല്‍ വിനയന്‍ ചിത്രത്തിലൂടെ ഒരു നായക വേഷവും ജയസൂര്യയ്ക്ക് ലഭിച്ചു. പിന്നീട് ചതിക്കാത്ത ചന്തുവായും, ചാങ്ങാതിയെ ചതിച്ച സതീശന്‍ കഞ്ഞിക്കുഴിയായും, രസികനും നിഷ്‌കളങ്കനുമായ അഷ്ടമൂര്‍ത്തിയായും മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറി.

കരിയറിന്റെ ആദ്യ കാലങ്ങളില്‍ ഒട്ടും മികവ് തോന്നാത്ത അഭിനയ പ്രകടനങ്ങള്‍ ആയിരുന്നു ജയസൂര്യ കാഴ്ച വച്ചിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ സ്വപ്‌നതുല്യവും സിനിമാ പ്രേമികളെ പിടിച്ചിരുത്തുന്നതുമായിരുന്നു. പരിമിതികള്‍ ഒരുപാടുള്ള നടനാണെങ്കിലും ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടന് പുതിയ സാദ്ധ്യതകള്‍ ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ശ്രമിക്കാറുണ്ട്. ജയസൂര്യയുടെ സിനിമ എന്നു കേള്‍ക്കുമ്പോള്‍ അത് കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും വേണ്ടി ഒരു ചെറിയ പരിശ്രമമെങ്കിലും അയാള്‍ എടുത്തിട്ടുണ്ടാകും എന്നുള്ള വിശ്വാസം തന്നെയാണ്.

ജയസൂര്യയുടെ അഭിനയത്തില്‍ ഒരിക്കലും ഒരു ആവര്‍ത്തന വിരസത നമുക്ക് അനുഭവപ്പെടുകയില്ല. ഒരു കഥാപാത്രത്തിലും മറ്റൊന്നിന്റെ നിഴല്‍ പോലും പെടാതെയാണ് അദ്ദേഹം സ്‌ക്രീനില്‍ കൊണ്ടുവരുന്നത്. അത് മനസിലാക്കാന്‍ കൂറച്ചു വര്‍ഷങ്ങളായി ജയസൂര്യ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും.

ഡെഡിക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ സിനിമാപ്രേമികളുടെ മനസില്‍ ഓടിവരുന്ന മുഖമാണ് ബോളീവുഡ് താരം അമീര്‍ ഖാന്‍. അത് മലയാള സിനിമയിലായാലോ, അത് ജയസൂര്യയാണ്. ഏത് കഥാപാത്രവുമായിക്കോട്ടെ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ജയസൂര്യ എന്ന വ്യക്തിയെ നമുക്ക് രൂപം കൊണ്ടോ ഭാവം കൊണ്ടോ എന്തിന് സംസാര ശൈലിയില്‍ പോലും കാണാന്‍ കഴിയില്ല.

അനൂപ് മേനോന്‍ വി.കെ പ്രകാശ് ചിത്രങ്ങളില്‍ നിന്നുമാണ് ജയസൂര്യ തന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരംഭിക്കുന്നത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ ലൂയിസ്, കോക്ടെയിലിലെ വെങ്കടേഷ്, ട്രിവാന്‍ഡ്രം ലോഡ്ജിലെ അബ്ദു, ഈ മൂന്ന് കഥാപാത്രങ്ങളും മൂന്ന് തലങ്ങളില്‍ ജയസൂര്യ എന്ന നടനെ കാട്ടിത്തന്നവയാണ്. ഒന്നില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലുള്ള പരകായപ്രവേശം എന്നുതന്നെ പറയേണ്ടിയിരുക്കുന്നു.

ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തറിലൂടെ തന്നിലെ നടന്‍ നായകനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സ്റ്റൈലിഷായ, പുഞ്ചിരികൊണ്ട് ഭീകരത സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രതി നായകനായും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ തനിക്ക് കഴിയുമെന്ന് ജയസൂര്യ തെളിയിച്ചു. ഇയ്യോബിന്റെ പുസ്തകത്തില്‍ റാവുത്തര്‍ എന്ന കുടില ബുദ്ധിക്കാരനായ കച്ചവടക്കാരന്റെ വില്ലനിസം അലോഷിയുടെ ഹീറോയിസത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു.

അപ്പോത്തിക്കരിയിലെ സുബി ജോസഫ് എന്ന കഥാപാത്രം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. കഥാപാത്രത്തിന്റെ രൂപം കണ്ടാല്‍ തന്നെ മതിയാകും ആ ചിത്രത്തിനുവേണ്ടി എത്രമാത്രം ജയസൂര്യ പരിശ്രമിച്ചു എന്നു മനസിലാക്കാന്‍. കഥാപാത്രങ്ങളുടെ ആവിഷ്‌കരണത്തില്‍ ജയസൂര്യ വ്യത്യസ്ത പുലര്‍ത്തുകയും അവയെ മികച്ചതാക്കുകയും ചെയ്‌തെങ്കിലും ചില കാരണങ്ങളാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അപ്പോത്തിക്കരി.

എന്നാല്‍ പിന്നീടുവന്ന ചിത്രങ്ങളാകട്ടെ ജയസൂര്യ എന്ന നടനേയും താരത്തെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതായിരുന്നു. ഞാന്‍ മേരിക്കുട്ടി, സു.സു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, ക്യാപ്ടന്‍, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങള്‍ ജയസൂര്യയ്ക്ക് ഒരു താരപദവിതന്നെ നല്‍കി. അടിച്ചമര്‍ത്തപ്പെട്ട ട്രാന്‍സ്ജന്റേഴ്‌സിന്റെ ജീവിത കഥപറഞ്ഞ ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ മേരിക്കുട്ടിയിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിന് സാധിച്ചു.

കഴിഞ്ഞ വര്‍ഷം മേരിക്കുട്ടിയെയും അതോടൊപ്പം കളിക്കളത്തിന് പുറത്തെ വി.പി.സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്റെ ജീവിതവും ജയസൂര്യ വെള്ളിത്തിരയിലേക്കു എത്തിച്ചപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇനി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രങ്ങളും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അനശ്വരനായ നടന്‍ സത്യന്‍ മാഷിന്റെ ജീവിതവും, മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതവും ബയോപിക് ആകുമ്പോള്‍ ജയസൂര്യ അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലാതെയാകുന്നത് വി.പി.സത്യനെന്ന ഇന്ത്യന്‍ നായകനെ സ്‌ക്രീനില്‍ നേരില്‍ കണ്ടതുകൊണ്ടുതന്നെയാവാം. ജയസൂര്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നതിനാലാകാം.

1978 ഓഗസ്റ്റ് 31-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച ജയസൂര്യ മിമിക്രിയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായി, മലയാള സിനിമകളില്‍ ജൂനിയ ആര്‍ട്ടിസ്റ്റായി, ചെറിയ ചെറിയ വേഷങ്ങളിലൂടെ നായക സ്ഥാനത്തെത്തി, പിന്നീട് ഇന്നു കാണുന്ന ജയസൂര്യയിലേക്കെത്തുകയെന്നത് ചെറിയ കാര്യമൊന്നുമല്ല, അതും സിനിമാ പാരമ്പര്യമോ, ഗോഡ്ഫാദറോ ഇല്ലാതെ. അതുതന്നെയാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും അഭിനയ സാധ്യതകളും ഉപയോഗിച്ച് മികച്ച പ്രകടനങ്ങള്‍ മലയാള സിനിമയില്‍ ഇനിയും കാഴ്ച്ചവയ്ക്കാന്‍ ജയസൂര്യയ്ക്ക് ആകുമെന്ന് ഓരോ സിനിമാ പ്രേമിയും വിശ്വസിക്കുന്നതും.

ഇന്ന് ഒരു ചിത്രം പുറത്തിറങ്ങുന്നു, അതില്‍ ജയസൂര്യ നായകനാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകന് ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷ ഇക്കാലമത്രയും അദ്ദേഹം പ്രേക്ഷകരോടും തന്റെ അഭിനയജീവിതത്തോടും കാട്ടിയ ആത്മാര്‍ത്ഥതകൊണ്ടു തന്നെയാണ് എന്നത് നിസംശയം പറയാം.

Top