Jayaram’s opportunistic action in assembly election

കൊച്ചി: അവസരവാദത്തിന്റെ ‘നടനം’ കാട്ടി നടന്‍ ജയറാം. കളമശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗോപകുമാറിനുവേണ്ടി വോട്ട് ചോദിച്ച് പരസ്യമായി രംഗത്തിറങ്ങിയ താരം പിന്നീട് പൊങ്ങിയത് സാക്ഷാല്‍ പിണറായി വിജയന്റെ ‘വിജയപഥം’ പരിപാടിയിലാണ്.

ബിജെപി വേദിയില്‍ പ്രത്യക്ഷപ്പെട്ടത് തിരിച്ചടിയാകുമെന്ന് കണ്ടാണത്രെ ഈ മലക്കം മറിച്ചില്‍.

നടി കവിയൂര്‍ പൊന്നമ്മയടക്കം പങ്കെടുത്ത വന്‍ സ്വീകരണയോഗത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൈപിടിച്ച് വോട്ട് നല്‍കാന്‍ ജയറാം ആവശ്യപ്പെട്ടത്.

ഈ ദൃശ്യം ബിജെപി സൈബര്‍ സെല്‍ വ്യാപകമായി പ്രചരണമാക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ആരാധകരായ ഇതര രാഷ്ടീയ പ്രവര്‍ത്തകരെ കുപിതരാക്കുന്നതായിരുന്നു ഈ നടപടി. സിപിഎമ്മിന്റെ അനുഭാവികള്‍ സോഷ്യല്‍ മീഡിയകളില്‍ ജയറാമിനെ ‘ആക്രമിച്ച്’ പോസ്റ്റുകളിട്ടാണ് പ്രതികരിച്ചത്.

ഈ വിവാദങ്ങള്‍ക്കിടെയാണ് പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലെ ‘വിജയപഥം’ കലാസന്ധ്യയിലേക്ക് ജയറാം പറന്നെത്തിയത്.

കലാരംഗത്ത് മനസ്സില്‍ പ്രതിഷ്ഠിച്ച ഗുരുക്കന്‍മാരെപ്പോലെ രാഷ്ട്രീയത്തില്‍ വ്യക്തി സൗഹൃദം കൊണ്ട് ഗുരുതുല്യനായ പിണറായിയെ ആദരിക്കുകയാണെന്ന് പറഞ്ഞായിരുന്നു പിണറായിയെ സാക്ഷിനിര്‍ത്തിയ ജയറാമിന്റെ പ്രസംഗം.

ചടങ്ങില്‍ കഥാകൃത്ത് ടി പദ്മനാഭന്‍, ലെനിന്‍ രാജേന്ദ്രന്‍ ,ടി എ റസാഖ്, ഔസേപ്പച്ചന്‍, രമേശ് നാരായണന്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരും പങ്കെടുത്തു.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൈ പിടിച്ചുയര്‍ത്തിയ ജയറാം അവരുടെ ബദ്ധവൈരിയായ സിപിഎം നേതാവ് പിണറായിക്ക് വിജയമാശംസിക്കാന്‍ വന്നത് ചടങ്ങ് കാണാന്‍ വന്നവര്‍ക്കും കൗതുകമുള്ള ദൃശ്യമായിരുന്നു.

നല്ലൊരു ‘നടനായ’ ജയറാം ആ പണി തന്നെയാണ് രണ്ട് വേദികളിലും ചെയ്തതെന്നാണ് ജനങ്ങള്‍ക്കിടയിലെ കമന്റ്. ഇനി യുഡിഎഫിലെ ഏത് നേതാവിന്റെ പരിപാടിയിലാണ് ജയറാം പങ്കെടുക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

താരങ്ങളില്‍ ചിലര്‍ മത്സരിക്കുകയും പ്രചരണത്തിനിറങ്ങുകയൊക്കെ ചെയ്യാറുണ്ടെങ്കിലും ‘രണ്ട് വള്ളത്തില്‍’ ഒരേസമയം കാല് വെച്ചുള്ള ‘ അഭ്യാസപ്രകടനം’ അപൂര്‍വ്വമാണ്.

Top