ജയറാമിനൊപ്പം ഒന്നിക്കുന്ന വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം ‘മാര്‍ക്കോണി മത്തായി’

വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തിന് പേരിട്ടു. മാര്‍ക്കോണി മത്തായി എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റം. ജയറാമിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.

സനില്‍ കളത്തില്‍, രജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യം ഓഡിയോസ് ആദ്യമായി സിനിമാനിര്‍മാതാക്കളാവുകയാണ് ഈ ചിത്രത്തിലൂടെ. സത്യം മൂവീസ് എന്ന പേരിലുള്ള ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനില്‍ പനച്ചൂരാനും ബി കെ ഹരിനാരായണനും ചേര്‍ന്നെഴുതുന്ന വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെന്‍മാര്‍ക്കു പരുവക്കാട്ട്‌റു എന്ന ചിത്രത്തിലാണ് ആദ്യമായി വിജയ് സേതുപതി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമലോകത്തെ മികച്ച താരമായി പ്രക്ഷകശ്രദ്ധ നേടി

നഷ്ടപ്രണയത്തിന്റെയും നൊസ്റ്റാള്‍ജിയയുടെയും കഥ പറയുന്ന 96 എന്ന ചിത്രം തെന്നിന്ത്യ സിനിമ ആസ്വാദകരെ മുഴുവന്‍ വിജയ് സേതുപതിയുടെ ആരാധകരാക്കി. സീതക്കാതി എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. രജനീകാന്തിനൊപ്പം അഭിനയിച്ച പേട്ട സിനിമയ്ക്ക് വേണ്ടിയും ആവേശപൂര്‍വം കാത്തിരിക്കുകയാണ് തമിഴ് സിനിമ ലോകം.

Top