’33 വർഷത്തെ സൗഹൃദം’; സത്യൻ അന്തിക്കാട് ചിത്രത്തില്‍ ജയറാം നായകന്‍

യറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിനിമ ലോകത്ത് വലിയ വാർത്ത ആയിരുന്നു ഇത്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ സത്യൻ അന്തിക്കാട് സിനിമയിലൂടെ തിരിച്ച് വരവ് നടത്തുകയാണ്. വിഷുവിന്റെ തലേ ദിവസമായിരുന്നു ജയറാമും  മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട് പ്രഖ്യാപനം നടത്തിയത്.

സത്യന്‍ അന്തിക്കാടില്‍ നിന്നും പുതിയ സിനിമയുടെ കഥ കേള്‍ക്കുന്നതിന്‍റെ  ചിത്രമാണ് ജയറാം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ജയറാം ഫേസ്ബുക്കില്‍ കുറിച്ചത്‌ ഇങ്ങനെ; “33 വർഷത്തെ സൗഹൃദം.. പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ,  നിങ്ങളുടെ അനുഗ്രഹം വേണം ”

കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് ചിത്രം തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍  ചിത്രീകരണം മാറ്റിവെക്കേണ്ടിവന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ,സംഗീതം വിഷ്‍ണു വിജയ് എന്നിവരാണ്‌. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രഖ്യാപന സമയത്ത് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

 

Top