Jayarajan’s resign; Right decision from CPM,Big salute

ന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നടപടി അഭിനന്ദനീയവും മാതൃകാപരവുമാണ്.

വിജിലന്‍സ് കേസും അന്വേഷണങ്ങളും വന്നപ്പോള്‍ മന്ത്രിമാരെ സംരക്ഷിച്ച യു.ഡി.എഫ് നേതൃത്വവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഈ നടപടി കണ്ട് പഠിക്കേണ്ടതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ വിധിയെഴുത്താണ് പിണറായി സര്‍ക്കാരെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് എടുത്ത നടപടി തന്നെയാണിത്.

സി.പി.എം നേതൃത്വത്തെ സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം കഴിയട്ടെ എന്നിട്ടാകാം രാജി എന്ന നിലപാട് വേണമെങ്കില്‍ സ്വീകരിക്കാമായിരുന്നു. യു.ഡി.എഫിന് പോലും അത്തരമൊരു നിലപാട് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചാല്‍ ‘ധാര്‍മ്മികമായി’ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു.

എന്നാല്‍ നിയമനവിവാദം ഉയർന്ന ഉടനെ തന്നെ ഗൗരവകരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായിയും ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി പ്രതികരിച്ചപ്പോള്‍ തന്നെ നടപടി ഉറപ്പാണെന്ന് വ്യക്തമായിരുന്നു. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തോടെ അക്കാര്യത്തിലിപ്പോള്‍ അന്തിമ തീരുമാനമുണ്ടായിരിക്കുകയാണ്.

അധികാരത്തില്‍ വന്ന് നാല് മാസം തികയും മുന്‍പ് മന്ത്രിസഭയില്‍ നിന്ന് പ്രമുഖനായ നേതാവിന് സ്വജനപക്ഷപാതത്തിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്നുവെന്നത് ഇടത്പക്ഷ സര്‍ക്കാരിനെ സംബന്ധിച്ച് ദൗര്‍ഭാഗ്യകരമായ കാര്യമാണെങ്കിലും തിരുത്തല്‍ നടപടിയിലൂടെ ആ ‘കോട്ടം’ അതിജീവിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി.

മേലിലെങ്കിലും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിജിലന്‍സ് ക്ലിയറന്‍സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം അഴിമതിയും സ്വജനപക്ഷപാതവും തടയാനും നിയമനങ്ങള്‍ സുതാര്യമാക്കാനും വഴി ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.

തിങ്കളാഴ്ച നിയമസഭ തുടങ്ങാനിരിക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാനുള്ള പ്രതിപക്ഷ സ്വപ്നങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജയരാജന്റെ രാജി.

‘യു.ഡി.എഫ് അല്ല ഇടതുപക്ഷം കോണ്‍ഗ്രസ്സ് അല്ല സി.പി.എം” എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി, ഉമ്മന്‍ചാണ്ടിയല്ല താനെന്ന് കൂടി ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. ജയരാജനെ രാജിക്ക് പ്രേരിപ്പിച്ചതില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് നിര്‍ണ്ണായകമായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

മന്ത്രിസഭയിലും പാര്‍ട്ടിയും തന്നോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന നേതാവിനെ മുഖ്യമന്ത്രി കൈവിടുമ്പോള്‍ കേരളീയ സമൂഹത്തിന് മുന്‍പില്‍ ഓര്‍മ്മയില്‍ വരുന്നത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ വലം കൈയ്യായ ബാബുവിനെ സംരക്ഷിച്ച് നിര്‍ത്താന്‍ മുഖ്യമന്ത്രി നടത്തിയ ‘സാഹസിക’ പ്രവര്‍ത്തനങ്ങളാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായ ബാബുവിനെ പുറത്താക്കിയില്ലെന്ന് മാത്രമല്ല രാഹുല്‍ ഗാന്ധി പോലും നിഷേധിച്ച നിയമസഭാ സീറ്റ് വാശി പിടിച്ച് ബാബുവിന് വാങ്ങിക്കൊടുക്കാനും അസാമാന്യ വൈദഗ്ധ്യമാണ് ഉമ്മന്‍ ചാണ്ടി കാണിച്ചത്. മാണിയുടെ കാര്യത്തിലും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ.

അതേരൂപത്തില്‍ ജയരാജനെ സംരക്ഷിച്ച് നിര്‍ത്തുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നതെങ്കില്‍ സര്‍ക്കാരിന്റെയും ഇടത് മുന്നണിയുടെയും മുഖം വികൃതമാവുമായിരുന്നു. തിരുത്തല്‍ നടപടിയിലൂടെ സഹമന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും വ്യക്തമായ സന്ദേശമാണ്… സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും നല്‍കിയിരിക്കുന്നത്…

അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും നിഴല്‍പെട്ടാല്‍ പോലും പടിക്ക് പുറത്താകുമെന്ന വ്യക്തമായ സന്ദേശം.

അഭിനന്ദനങ്ങള്‍… നട്ടെല്ലുള്ള തീരുമാനം കൈക്കൊണ്ടതിന്…

Team Express Kerala

Top