p jayarajan ‘s case Kodiyeri’s comment

കണ്ണൂര്‍: തെരഞ്ഞെടുപ്പു കാലത്ത് പി ജയരാജനെ ജയിലില്‍ ഇടാമെന്ന ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും ഗൂഢാലോചന പൊളിഞ്ഞെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളക്കേസില്‍ കുടുക്കിയ ജയരാജനു ജാമ്യം നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. പരിഹാസ്യമായ വാദമുഖങ്ങള്‍ അവതരിപ്പിച്ച് സിബിഐ നാണം കെട്ടെന്നും കണ്ണൂരില്‍ കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.

ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ സിബിഐ കട്ടിച്ചമച്ച കേസാണിത്. തെരഞ്ഞെടുപ്പു സമയത്ത് പി ജയരാജന്‍ പ്രചാരണ രംഗത്തുണ്ടാകാന്‍ പാടില്ലെന്ന് ഉമ്മന്‍ചാണ്ടി കുമ്മനത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ കുടുക്കിയത്. എങ്ങനെയാണ് സിബിഐ ആളുകളെ പ്രതിയാക്കുന്നത് എന്നത് തെളിയുകയാണ്.

പി ജയരാജന്‍ സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവാണ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തോടൊപ്പം ചെയ്തുവരുന്നുണ്ട്. നിരവധി പേര്‍ ബിജെപി വിട്ട് സിപിഐഎമ്മിലേക്കു വരുന്ന ജില്ലയാണ് കണ്ണൂര്‍. ഒ കെ വാസു, അശോകന്‍, സുധീഷ് മിന്നി തുടങ്ങിയവര്‍ സിപിഐഎമ്മുമായി സഹകരിക്കുകയാണ്. ജയരാജന്റെ പ്രവര്‍ത്തനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും അടിത്തറ ഇളക്കും എന്ന അവസ്ഥ വന്നപ്പോഴാണ് മോഹന്‍ഭാഗവതും അമിത്ഷായും ചേര്‍ന്ന് ജയരാജനെ കുടുക്കിയതെന്നും കോടിയേരി പറഞ്ഞു

Top