Jayarajan-resign-kodiyeri statement

തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്റെ രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജയരാജന്റെ രാജി നിര്‍ദേശമുണ്ടായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ തെറ്റു സമ്മതിച്ചെന്നും സംഘടനാ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിന് കഴിയാതിരുന്ന നിലപാടാണ് ഇടതുമുന്നണി എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിയമനങ്ങളിലെ നിയമാനുസൃതമല്ലാത്ത രീതി പുനപരിശോധിക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കോടിയേരി ചൂണ്ടിക്കാട്ടി. ഇത്തരം നിയമനങ്ങള്‍ക്കു ബോര്‍ഡ് രൂപീകരിക്കണമെന്നതും നിയമങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്നതും സ്വാഗതാര്‍ഹമാണ്.

മുന്‍ സര്‍ക്കാറിന്റെ കാലത്ത് പല മന്ത്രിമാര്‍ക്കെതിരേയും എഫ്‌ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നു മന്ത്രിമാര്‍ രാജിവയ്ക്കുന്ന സമീപനമല്ല അവര്‍ സ്വീകരിച്ചത്.

കെ. ബാബുവിനെതിരേ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിക്കത്ത് മുഖ്യന്ത്രിക്കു നല്‍കിയെങ്കിലും അതു സ്വീകരിക്കാതെ അപ്പീല്‍ പോകാനുള്ള സൗകര്യമാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചെയ്തുകൊടുത്തത്. ഇത്തരമൊരു സാഹചരമുണ്ടാകാതിരിക്കാനാണു ജയരാജനും പാര്‍ട്ടിയും ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

Top