സിനിമാ താരം ജയപ്രദ യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്

ലഖ്നൗ: പ്രശസ്ത സിനിമാ താരം ജയപ്രദ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയില്‍ പാര്‍ട്ടി അംഗത്വം എടുത്തതിന് ശേഷം ഉത്തര്‍പ്രദേശിലെ സീറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.

ഉത്തര്‍പ്രദേശിലെ രാംപുരില്‍നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം. സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ താരം രണ്ടുതവണ വിജയിച്ച മണ്ഡലമാണിത്. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിര്‍ സ്ഥാനാര്‍ഥിയായ് നില്‍ക്കുന്നത്.

തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി തുടര്‍ന്ന് ജയപ്രദ ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമാവുകയായിരുന്നു. കൂടാതെ തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചു.

പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ജയപ്രദ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആന്ധ്രയില്‍നിന്ന് ഉത്തര്‍പ്രദേശിലെത്തിയ അവര്‍ രണ്ടുതവണ രാംപുരില്‍നിന്ന് മത്സരിച്ച് ലോക്സഭാംഗമായി. 2004-ലും 2009-ലുമാണ് ജയപ്രദ രാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത്.

ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍ സിങിനൊപ്പം ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജ്നോറില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

Top