ആസിഡ് ആക്രമണം പേടിച്ച് മണ്ഡലം ഉപേക്ഷിച്ചു; റാലിയില്‍ പൊട്ടിക്കരഞ്ഞ് ജയപ്രദ

ന്യൂഡല്‍ഹി: റാപൂറിലെ പൊതു റാലിയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദ. താന്‍ മണ്ഡലം വിട്ടു പോകാനുള്ള കാരണം ജനങ്ങളോട് പറയുന്നതിനിടയിലായിരുന്നു ജയപ്രദയുടെ വികാരപ്രകടനം.

സമാജ്‌വാദി പാര്‍ട്ടിയിലെ അസം ഖാന്റെ ആക്രമണം മൂലമാണ് താന്‍ മണ്ഡലം വിട്ടതെന്നും അസം തന്നെ ആസിഡ് ഒഴിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് രാംപൂര്‍ വിടേണ്ടി വന്നതെന്നും ജയപ്രദ വ്യക്തമാക്കി.

സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദ 2004, 2009 വര്‍ഷങ്ങളില്‍ രാംപൂരില്‍ നിന്ന് വിജയിച്ചാണ് ലോക്‌സഭയില്‍ എത്തിയത്. തുടര്‍ന്ന് അസം ഖാനും ജയപ്രദയും നല്ല ചേര്‍ച്ചയിലുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പോരില്‍ ജയപ്രദ പങ്കുചേര്‍ന്നതോടെ ഇരുവരും തമ്മില്‍ ബദ്ധ ശത്രുക്കളായി മാറുകയും ചെയ്തു.അമര്‍ സിങ് ക്യാംപിനൊപ്പം നിലയുറപ്പിച്ച ജയപ്രദയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2010ല്‍ പാര്‍ട്ടി പുറത്താക്കി. തുടര്‍ന്ന് അമര്‍ സിങ്ങും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ശേഷം 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരുസീറ്റില്‍ പോലും നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. 2014ല്‍ രാഷ്ട്രീയ ലോക് ദളിനൊപ്പം ചേര്‍ന്ന് ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്‌സരിച്ചെങ്കിലും ബിജ്‌നോര്‍ മണ്ഡലത്തില്‍ മത്സരിച്ച ജയപ്രദ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഇപ്പോള്‍ സ്ത്രീകളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ജയപ്രദ പറഞ്ഞു. 2004ലും 2009ലും റാംപൂരില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയപ്രദ വിജയിച്ചിരുന്നു. 2014ല്‍ രാഷ്ട്രീയ ലോക് ദള്‍ സ്ഥാനാര്‍ഥിയായി ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ അസംഖാനെയാണ് ജയപ്രദ നേരിടുന്നത്.

Top