‘ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, അന്വേഷണവും നേരിടും’; വി കെ ശശികല

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട് തള്ളി വി.കെ.ശശികല. താനടക്കം മൂന്നുപേർ ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ശശികല വ്യക്തമാക്കി. ശശികലക്ക് പുറമെ മുൻ ആരോഗ്യമന്ത്രി വിജയഭാസ്‌കറും രണ്ടു ഉദ്യോഗസ്ഥരെയും സംശയമുനയിൽ നിർത്തുന്നതായി ആറമുഖ കമ്മീഷൻ റിപ്പോർട്ട്. ഇവർക്കെതിരെ അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം നിയമസഭയിൽ സമർപ്പിച്ച് റിപ്പോർട്ടിൽ പറയുന്നു.

‘എന്നെ ഇതിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് വിരോധമില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. പക്ഷേ, എന്റെ സഹോദരിയുടെ പ്രതിച്ഛായ കളങ്കപ്പെടുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഞാൻ ജയിലിൽ പോയതിനു ശേഷം ഇവിടെയുള്ളവർ അമ്മയുടെ മരണം രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു. ജയലളിതയെ അപകീർത്തിപ്പെടുത്താനുള്ള ഡിഎംകെയുടെ തന്ത്രങ്ങൾക്ക് അവർ ഇരയായി.’ ശശി കല പ്രതികരിച്ചതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു.

‘എന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ നിരവധി മാർഗങ്ങളുണ്ട്, എന്നാൽ അമ്മയുടെ മരണം അതിനായി ഉപയോഗിക്കുന്നത് ക്രൂരമാണെന്നും അവർ പറഞ്ഞു. അമ്മയുടെ മരണം രാഷ്ട്രീയവത്കരിച്ചതിന് പിന്നാലെ അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടും ഇപ്പോൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും ശശികല വ്യക്തമാക്കി.

‘സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ജയലളിത ഞങ്ങളെ വിട്ടുപോയത്. സുപ്രിം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ അനുമാനങ്ങൾ ഉയർത്തുന്നതിന് പകരം കമ്മീഷൻ എന്റെമേൽ കുറ്റം ചുമത്തുന്നത് എങ്ങനെയാണെന്നും ശശി കല ചോദിച്ചു.

‘ഞാൻ 30 വർഷത്തോളം അമ്മയ്ക്കൊപ്പം താമസിച്ചിട്ടുണ്ട്. അമ്മയെപ്പോലെ അവരെ സംരക്ഷിച്ചു. ചികിത്സയിൽ ഞാൻ ഇടപെട്ടിട്ടില്ല. ഏറ്റവും മികച്ച ചികിത്സ ലഭിക്കണം എന്നതായിരുന്നു ആഗ്രഹം. അമ്മയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് പോലും ഒരിക്കലും തടഞ്ഞിട്ടില്ലെന്നും ശശികല വ്യക്തമാക്കി.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2016 ഡിസംബർ 5 തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത 68-ാം വയസ്സിലാണ് അന്തരിച്ചത്. 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ആറുമുഖസാമിയെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചത്.

Top