jayalalitha’s death mk stalin statement

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണവും പുറത്ത് വിടണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍.

മരണം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ചികിത്സ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സ്റ്റാലിന്‍ കത്തയച്ചു.

തുടക്കം മുതല്‍ അതീവ രഹസ്യമായി നടത്തിയ ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

ജയലളിതയുടേത് അസ്വഭാവിക മരണമാണ് എന്ന നിലയിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. അവരുടെ ചികിത്സയ്ക്കായി 80 കോടി രൂപ ചെലവിട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജയലളിതയുടെ മരണത്തിലെ ദൂരൂഹത നീക്കാന്‍ സി.ബി.ഐ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സന്നദ്ധ സംഘടനയാണ് ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാള്‍മുതല്‍ ജയലളിതയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആരോപണങ്ങളുമായി സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത്.

Top