jayalalitha’s death; aju varghese

യലളിതയുടെ മരണത്തില്‍ നെഞ്ചുപൊട്ടി കരയുന്നവരെയും ആത്മഹത്യയ്ക്ക് ശ്രമിച്ചവരെയും പരിഹസിക്കുന്നവര്‍ക്ക് നടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് മറുപടി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തുക്കൊണ്ടാണ് അജു വര്‍ഗീസ് പ്രതികരിച്ചത്.

ഒരു മുഖ്യമന്ത്രി മരിച്ചതില്‍ ഒരു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതിന് പുച്ഛിക്കുന്നതിന് പകരം സ്വയമൊന്ന് തിരിഞ്ഞ് നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാല്‍ ഇത് സംഭവിക്കുന്നുണ്ടോ എന്ന് അറിയണമെന്നും അജു വര്‍ഗീസ് ഷെയര്‍ ചെയ്ത പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സഞ്ജു ടിപി എന്നയാളാണ് പോസ്റ്റിട്ടത്. ഈ പോസ്റ്റാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്.

അജു വര്‍ഗീസ് ഷെയര്‍ ചെയ്ത പോസ്റ്റിന്റെ പൂര്‍ണരൂപം:

തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരാണോ..? ഒരു ഭരണാധികാരി അസുഖം വന്ന് മരിച്ചതിനു നെഞ്ചത്തടിച്ച് കരയാനും ആത്മഹത്യ ചെയ്യാനും അവിടുള്ള ഊളകള്‍ക്ക് പ്രാന്താണോ..?

കുറച്ച് നേരമായി പലരില്‍ നിന്നും ഉയരുന്ന വാക്കുകളാണിത്.

ഇനി പണ്ട് കോളേജില്‍ ചേര്‍ന്ന സമയത്ത് എന്റെ ഒരു തമിഴ് കൂട്ടുകാരന്‍ ചോദിച്ച ഒരു കാര്യം പറയാം.

മച്ചാ ഞങ്ങളുടെ അമ്മാ ഞങ്ങക്ക് വേണ്ടി എന്തെല്ലാം ചെയ്ത് തരുന്നുണ്ടെന്ന് അറിയാവോ..??

പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഫ്രീ ആയി സൈക്കിള്‍.

പ്ലസ് 2 കഴിയുന്നവര്‍ക്ക് ലാപ്‌ടോപ്.

ഗവണ്‍മന്റ് ആശുപത്രിയില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് സോപ്പ്, പൗഡര്‍, കുട്ടിയുടുപ്പ്, ടവല്‍, നാപ്കിന്‍, ഓയില്‍, ഷാമ്പു മുതല്‍ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോണ്‍ ബേബി കിറ്റ് എന്ന പദ്ധതി വഴി സര്‍ക്കാര്‍ ചിലവില്‍ നല്‍കപ്പെടും

പ്രസവം സൗജന്യം

ഗവണ്‍മന്റ് ജോലി ഉള്ള ഒരു സ്ത്രീ ആണ് പ്രസവിക്കുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ജോലിയില്‍ നിന്നും വിട്ട് കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടില്‍ എത്തും.

ഇനി ജനിക്കുന്നത് പെണ്‍ കുഞ്ഞാണെങ്കില്‍ വിവാഹ ചിലവിനായി 50000 രൂപ ധനസഹായം മുതല്‍ കെട്ടു താലി വരെ ഗവണ്‍മന്റ്.

പാവപ്പെട്ടവര്‍ക്ക് ടി വി, ഗ്രൈന്റര്‍, മിക്‌സി അടക്കം ഒരു വീട്ടിലേക്കുള്ള സകല സാധനങ്ങളും ഗവണ്‍മന്റ് നല്‍കും.

ഇങ്ങനെ ഒരു സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത് വെറുമൊരു മുഖ്യമന്ത്രി അല്ല., അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണ്.

ഈ നെഞ്ചത്തടിച്ച് വാവിട്ട് കരയുന്നവര്‍ ചാനലില്‍ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല., ഉള്ളിന്റെ ഉള്ളില്‍ നിന്നും തന്നെ ആണ്.

നമുക്ക് വേണ്ടി നല്ലത് മാത്രം ചെയ്യുന്ന കൂടപ്പിറപ്പല്ലാത്ത ഒരാള് നഷ്ടപ്പെടുമ്പോള്‍ നമ്മളങ്ങനെ ചെയ്യില്ലാരിക്കും. 2 മിനിട്ട് ദു:ഖിച്ചിട്ട് അടുത്ത വിഷയത്തിലോട്ട് പോകും. എന്നാല്‍ ഉപകാരം ചെയ്യുന്നവരെ ജീവനു തുല്യം സ്‌നേഹിച്ചതിനാണോ അവരെ മണ്ടന്മാരായി മുദ്ര കുത്തുന്നത്..?

ഒരാള്‍ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതിനെ ഒന്നും ഈ പോസ്റ്റ് ഒരു തരത്തിലും പിന്തുണക്കുന്നില്ല. പക്ഷേ ജനറലൈസ് ചെയ്ത് മണ്ടന്മാരെന്ന് മുദ്ര കുത്തരുതെന്നു മാത്രം.

ഒരു മുഖ്യമന്ത്രി മരിച്ചതില്‍ ഒരു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതില്‍ പുച്ഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാല്‍ എന്തുകൊണ്ട് അത് സംഭവിക്കുന്നില്ലാ എന്നു തിരിച്ചറിയണം.

അതില്‍ മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴന്‍ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് മുഖ്യമന്ത്രി എന്നാല്‍ ചാനലില്‍ മാത്രം കണ്ട് പരിചയമുള്ള, തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പില്‍ ഒരാളെപ്പോലെ എന്ന വ്യത്യാസമാണുള്ളത്.

അതുകൊണ്ട് നെഞ്ചത്തടിച്ച് കരയുന്നവരെ കാണുമ്പോ പുച്ഛിക്കരുത്.

Top