Jayalalithaa’s niece Deepa Jayakumar wants to know the truth

എംജിആറിന്റെ മരണശേഷം നടന്ന ചരിത്രം ആവര്‍ത്തിക്കുമോ? ജയലളിതയുടെ മരണത്തോടെ തമിഴകത്തുയരുന്ന പ്രധാന ചോദ്യമാണിത്.

1987 ഡിസംബര്‍ 24ന് എംജിആര്‍ എന്ന തമിഴ്മക്കളുടെ സ്വന്തം മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ മരിച്ചപ്പോള്‍ വിലാപയാത്രയില്‍ മൃതദേഹത്തിനരികെ സൈനികവാഹനത്തിലിരുന്ന ജയലളിതയെ ബലം പ്രയോഗിച്ച് ആട്ടിയോടിച്ചിട്ടുണ്ട് ഒരുവിഭാഗം.

ഭാര്യ ജാനകിയുടെ അനുയായികളായ എഐഎഡിഎംകെ പ്രവര്‍ത്തകരാണ് അന്ന് ആ കൃത്യം നിര്‍വഹിച്ചത്.

അപമാനിക്കപ്പെട്ട് പുറത്തായ ജയലളിത പക്ഷേ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. കരുത്തോടെ നിന്ന് എഐഎഡിഎംകെ അണികളെ പതുക്കെ പൂര്‍ണ്ണമായും തന്റെ കൈപ്പിടിയിലാക്കാനും ജാനകിയെ അപ്രസക്തയാക്കാനും പുരട്ചി തലൈവിക്ക് കഴിഞ്ഞു.

ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത നിശ്ചയദാര്‍ഢ്യമാണ് അതിന് അവര്‍ക്ക് കരുത്തേകിയത്. ഇപ്പോള്‍ ഇതിന് സമാനമായ കാര്യങ്ങളാണ് തമിഴകത്ത് അരങ്ങേറുന്നത്.

ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയിലെത്തിയ സഹോദരപുത്രി ദീപക്ക് നിരവധി തവണ അനുമതി നിഷേധിക്കപ്പെടുക മാത്രമല്ല അശുപത്രിയില്‍ നിന്നും പുറത്ത് പോവാന്‍ പൊലീസ് പോലും ആവശ്യപ്പെടുകയുണ്ടായി. പുറത്തിറങ്ങിയ ദീപ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് ‘എന്താണ് ഇവിടെ നടക്കുന്നതെന്ന് ചോദിച്ചത് ‘ വലിയ വിവാദമാണുണ്ടാക്കിയത്.

ശശികലയെയും സംഘത്തിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു അവരുടെ ആരോപണം.

ദീപയുടെ സംശയങ്ങളാണ് പിന്നീട് നടി ഗൗതമി അടക്കമുള്ളവര്‍ ഏറ്റെടുത്തത്. ജയയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കാത്തതിലും കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

എഐഎഡിഎംകെയില്‍ ജയയുടെ പിന്‍ഗാമിയായി തോഴി ശശികല വരുന്നതിനോട് ശക്തമായ എതിര്‍പ്പുള്ള ഒരുവിഭാഗം പ്രമുഖ സിനിമാതാരങ്ങള്‍ മുന്നിട്ടിറങ്ങി വന്നില്ലെങ്കില്‍ ദീപയുടെ നിലപാടുകളെ പിന്‍തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ ആരംഭം മുതല്‍ ജയലളിതക്കൊപ്പം പാര്‍ട്ടിയില്‍ ഉറച്ച് നിന്ന രണ്ട് പ്രമുഖ നേതാക്കളും ഉണ്ടാവുമെന്നാണ് അഭ്യൂഹം.ജയലളിതയുടെ മരണശേഷം ഈ നേതാക്കള്‍ അണിയറയിലാണ്.

എംജിആറിന്റെ മരണശേഷം അപമാനിക്കപ്പെട്ട് പുറത്ത് പോവേണ്ടി വന്നത് ജയലളിതക്കാണെങ്കില്‍ ജയലളിതയുടെ അസുഖ വിവരമന്വേഷിച്ച്
അപ്പോളോ ആശുപത്രിയിലെത്തിയ ദീപ ശാരീരികമായി ആക്രമിക്കപ്പെട്ടില്ലെങ്കിലും പുറത്താക്കപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്.

ജയലളിത എംജിആറിന്റെ കുടുംബക്കാരാല്‍ പുറത്ത് പോവേണ്ടി വന്നുവെങ്കില്‍ ഇവിടെ ജയയുടെ ബന്ധുവാണ് പുറത്ത് പോവേണ്ടി വന്നത് എന്നതാണ് വ്യത്യാസം.

ജയലളിതയെ പോലെ തന്നെ ഷാര്‍പ്പായി സംസാരിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന ദീപയുടെ മുഖഭാവങ്ങള്‍ പോലും ജയലളിതയോട് സാമ്യമുള്ളതാണ് എന്നത് അണ്ണാഡിഎംകെയിലെ എതിര്‍ചേരിയുടെ ഉറക്കം കെടുത്തി തുടങ്ങിയതായാണ് പറയപ്പെടുന്നത്.

രാഷ്ട്രീയത്തിലിറങ്ങുമെന്ന ദീപയുടെ പ്രഖ്യാപനത്തില്‍ ഞെട്ടിയ അണ്ണാ ഡിഎംകെ നേതൃത്വം ദീപയുടെ വിവാഹത്തിന് പോലും ജയലളിത പോയിട്ടില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ ഭയപ്പാടായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ജയലളിതയെ ചുറ്റിപ്പറ്റി ‘നിന്നവര്‍’ മൂലമാണ് കുടുംബത്തില്‍ നിന്ന് പോലും മാറി നില്‍ക്കേണ്ട സാഹചര്യം അവര്‍ക്കുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഭരണത്തില്‍ അനാവശ്യമായ ഒരു ഇടപെടലുകള്‍ക്കും ഒരു കാലത്തും കുടുംബം ശ്രമിച്ചിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തോഴി ശശികലയുടെ ബന്ധുവിനെ ദത്തുപുത്രനായി ജയലളിത തിരഞ്ഞെടുത്തതും ആര്‍ഭാടമായി സുധാകരന്റെ വിവാഹം നടത്തിയതുമാണ് കുടുംബത്തിന് വിഷമമുണ്ടാക്കിയതെന്നും അകല്‍ച്ചക്ക് കാരണമായതെന്നും പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദീപ വ്യക്തമാക്കുന്നു.

കുടുംബത്തിന്റെ സംശയങ്ങള്‍ ശരിയായത് കൊണ്ടാണ് പിന്നീട് സുധാകരനെ ജയലളിതക്ക് തന്നെ പുറത്താക്കേണ്ടി വന്നതെന്നും ദീപ ചൂണ്ടിക്കാട്ടി.

തോഴി ശശികലയെയും കുടുംബത്തേയും പൊയസ് ഗാര്‍ഡനില്‍ നിന്ന് ആദ്യം ജയലളിത പുറത്താക്കിയെങ്കിലും പിന്നീട് ശശികല തിരിച്ചെത്തിയതിലുള്ള അതൃപ്തിയും സംശയവും അവര്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ രോഗവിവരങ്ങള്‍ പുറത്ത് വിടണമെന്നും എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്കും കുടുംബത്തിനും അവകാശമുണ്ടെന്നും ദീപ പറയുന്നു.

ശരിയായ ചികിത്സ ജയലളിതക്ക് തുടക്കം മുതല്‍ ലഭിച്ചിരുന്നില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന ദീപ ഇക്കാര്യങ്ങള്‍ ആയുധമാക്കി മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. ജയലളിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രക്തബന്ധത്തിലുള്ള ദീപ ഉന്നത നീതിപീഠത്തെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദീപയുടെ ഭീഷണി മറികടക്കാന്‍ അവരുടെ സഹോദരനായ ദീപക്കിനെ കൂടെ നിര്‍ത്താനുള്ള നീക്കം ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ജയയുടെ പേരും പ്രശസ്തിയും നിലനിര്‍ത്തുന്നതിനായാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നാണ് ദീപയുടെ വാദം.

ശശികല അണ്ണാഡിഎംകെ നേതൃസ്ഥാനത്ത് എത്തുന്നതില്‍ എതിര്‍പ്പുള്ള വിഭാഗവും അണികളില്‍ വലിയ വിഭാഗവും തന്റെ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണവര്‍.

ജയലളിതയുടെ സഹോദരപുത്രി എന്നത് മാത്രമല്ല ജയയോടുള്ള ദീപയുടെ രൂപസാദൃശ്യവും ജനങ്ങളെ സ്വാധീനിച്ചാല്‍ അത് തമിഴകത്ത് പുതിയ ചരിത്രമാവും.

ഇവരുടെ ഇന്റര്‍വ്യു കണ്ട രാഷ്ട്രീയനിരീക്ഷകര്‍ പോലും തമിഴകത്തെ ബോള്‍ഡായ ഒരു നേതാവായി ഇവര്‍ ഉയര്‍ന്ന് വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നതും ശ്രദ്ധേയമാണ്.പ്രത്യേകിച്ച് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്ന പശ്ചാത്തലത്തില്‍.

ഇതിനിടെ ദീപയെ കാണാനില്ലെന്ന രൂപത്തിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നത് തമിഴകത്ത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇവരുടെ ശത്രുക്കള്‍ അതിശക്തന്മാരാണ് എന്നതാണ് ആശങ്കക്ക് കാരണം. അതേസമയം ഇവര്‍ എംജിആര്‍-ജയലളിത അനുയായികളുടെ സംരക്ഷണയില്‍ രഹസ്യകേന്ദ്രത്തിലാണെന്നും പറയപ്പെടുന്നുണ്ട്.

Top