നാമനിര്‍ദേശ പത്രികയില്‍ ജയലളിതയുടെ വിരലടയാളം ; ഹൈക്കോടതി വിശദീകരണം തേടി

madras-highcourt

ചെന്നൈ: നാമനിര്‍ദേശ പത്രികയില്‍ ജയലളിതയുടെ വിരലടയാളം പതിച്ചതിനെതിരായ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി.

ജയലളിത ചികിത്സയിലിരിക്കെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒപ്പിന് പകരം ജയലളിതയുടെ വിരലടയാളമാണ് പതിച്ചിരുന്നത്.

ഇത് ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് അടുത്തമാസം ആറിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചത്.

ചികിത്സ നടക്കുന്ന സമയത്ത് ജയലളിത അബോധാവസ്ഥയിലാണെന്ന് സംശയിക്കുന്നുവെന്നും വിരലടയാളം വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ജയലളിതയുടെ ചികിത്സാ കാലയളവില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും വിരലടയാളം പതിച്ചാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കിയത്.

വിരലടയാളത്തിന്റെ സാധുത തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനായില്ലെങ്കില്‍ അതത് മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അയോഗ്യരാവും.

Top