‘ശ്വാസമെടുക്കുമ്പോള്‍ എന്റെ ചെവിയില്‍ ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്’;ജയലളിതയുടെ ശബ്ദരേഖകള്‍ പുറത്ത്

jayalalitha

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു മുമ്പുള്ള ശബ്ദരേഖ പുറത്ത് വിട്ടു. ആശുപത്രിയില്‍ ജയലളിതയെ ചികിത്സിച്ചിരുന്ന ഡോ.കെ.എസ്. ശിവകുമാര്‍, ഏകാംഗ കമ്മിഷന്‍ ജസ്റ്റിസ് എ.അറുമുഖ സ്വാമിക്ക് കൈമാറിയതാണ് ഈ ടേപ്പ്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷനാണ് ജസ്റ്റിസ് അറുമുഖസ്വാമി. കമ്മിഷന്‍ തന്നെയാണ് ഇപ്പോള്‍ ടേപ്പ് പുറത്ത് വിട്ടത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മരണശേഷവും തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ശബ്ദരേഖകള്‍ പുറത്തുവിട്ടത്.

1.07 മിനിട്ടുള്ള ഓഡിയോ ക്ലിപ്പില്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചാണ് ജയലളിത പറയുന്നത്. ശ്വസിക്കുമ്പോള്‍ എന്റെ ചെവിയില്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നു. സിനിമാ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നതു പോലെയാണത്. ഇങ്ങനെ ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കാഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. ഇല്ലെന്ന് ശിവകുമാര്‍ മറുപടി നല്‍കുന്നുണ്ട്. വി.എല്‍.സി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെന്ന് മറുപടി നല്‍കുമ്പോള്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ വിട്ടുകളയൂ. അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, നടക്കില്ലെന്ന്. ഒന്നു പറയും, മറ്റൊന്നു ചെയ്യും എന്ന പറഞ്ഞ് ജയലളിത അസ്വസ്ഥയാകുന്നതും കേള്‍ക്കാം.

തന്റെ രക്തസമ്മര്‍ദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവര്‍ നല്‍കുന്ന ഉത്തരവുമാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളതിലൊന്ന്. 140 ആണു രക്തസമ്മര്‍ദം എന്നും അത് ഉയര്‍ന്ന തോതാണെന്നും ഡോക്ടര്‍ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോള്‍ അതു തനിക്ക് ‘നോര്‍മല്‍’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. ആശുപത്രിയിലായിരിക്കെ ജയലളിതയ്ക്കു കനത്ത ശ്വാസതടസ്സം ഉണ്ടായിരുന്നതായും വ്യക്തമാണ്. തുടര്‍ച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരം.

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടും ശിവകുമാര്‍ കമ്മിഷന് കൈമാറിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. രാവിലെ 4.55ന് പനിനീര്‍ കുടിച്ചു കൊണ്ടാണ് ജയ ദിവസം ആരംഭിക്കുന്നത്. 5.45 ആകുമ്പോഴേക്കും ഗ്രീന്‍ ടീ കുടിക്കും. ഒരു ഇഡ്ഡലിയും നാലു കഷ്ണം ബ്രെഡുമായിരുന്നു പ്രഭാത ഭക്ഷണം. ഇതോടൊപ്പം 230 മില്ലി ലീറ്റര്‍ ഇളനീരും 400 മില്ലി ലിറ്റര്‍ കാപ്പിയും കഴിക്കും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം. ഉച്ചയ്ക്ക് 2.30ഓടെ ഭക്ഷണം കഴിക്കും. ഒന്നരക്കപ്പ് ബസ്മതി ചോറും ഒരു കപ്പ് തൈരും കഴിക്കും. വൈകിട്ട് 5.45ന് കാപ്പി കുടിക്കും. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയില്‍ അത്താഴവും കഴിക്കും. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും കൂടാതെ ഇഡലിയോ ഉപ്പുമാവോ കഴിക്കും. ഒരു ദോശയും രണ്ട് കഷണം ബ്രെഡ്ഡും 200 മില്ലി ലിറ്റര്‍ പാലും കഴിക്കുമായിരുന്നു ജയലളിത. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും കഴിക്കും.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ദൃശ്യങ്ങള്‍ ടി.ടി.വി ദിനകരനും പുറത്തുവിട്ടിരുന്നു.

Top