ഞാന്‍ ചെയ്തത് ഒരച്ഛന്റെ കടമ, കുഞ്ഞിനെ മാറ്റിയത് അനുപമയുടെ അറിവോടെയെന്ന് ജയചന്ദ്രന്‍

തിരുവനന്തപുരം: ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രന്‍. അതല്ലാതെ തന്റെ മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്നും, അനുപമയുടെ അറിവോടെയാണ് താന്‍ കുഞ്ഞിനെ മാറ്റിയതെന്നും പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ ജയചന്ദ്രന്‍ പറഞ്ഞു.

ജയചന്ദ്രന്റെ വിശദീകരണത്തിനു ശേഷമാണ് ലോക്കല്‍കമ്മിറ്റി ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. കൂടാതെ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏരിയ തലത്തില്‍ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു.

ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രന്‍ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നല്‍കിയത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അംഗങ്ങള്‍ നിലപാടെടുത്തു. യോഗതീരുമാനങ്ങള്‍ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമന്‍ പറഞ്ഞു.

Top