‘ജയ ജയ ജയ ജയ ഹേ’ പുതിയ ഗാനം എത്തി

റീൽസ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കൽ ബീറ്റ് ആയിരുന്നു ബേസിൽ ജോസഫ് നായകനാവുന്ന ജയ ജയ ജയ ജയ ഹേയിലേത്. ചിത്രത്തിൻറെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീൽസുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഝലക് റാണി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. അങ്കിത് മേനോൻ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചത് സിയ ഉൾ ഹഖ് ആണ്.

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസ് ആണ്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിൻ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിർമിച്ച ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിൻറെയും നിർമ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അമൽ പോൾസൻ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് സൂചന. ടീസർ ഉൾപ്പെടെയുള്ള പ്രൊമോഷണൽ മെറ്റീരിയലുകളിലൂടെ ഇതിനകം പ്രേക്ഷകശ്രദ്ധയിൽ എത്തിയിട്ടുണ്ട് ചിത്രം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.

Top