‘ജയ ജയ ജയ ജയ ഹേ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രം ദീപാവലി റിലീസ് ആയി എത്തുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.

കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമേയം ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ്. ടീസര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും വിപിന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിന്റെയും ദര്‍ശനയുടെയും ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസുമായി ചേര്‍ന്ന് ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി വാര്യര്‍, ​ഗണേശ് മോനോന്‍ എന്നിവരാണ് ബേസില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അമല്‍ പോള്‍സണ്‍ ആണ് സഹനിര്‍മ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റര്‍ ജോണ്‍കുട്ടി.

Top